ന്യൂ ഡൽഹി :- പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇല അട, ചക്ക അട , പഴംപൊരി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾക്ക് ഏർപ്പെടുത്തിയ 18% എന്ന ഭീമമായ ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി.
കേരളത്തിലെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങൾ ബേക്കറികളിലൂടെ വിൽപ്പന നടത്തുമ്പോൾ കേന്ദ്രസർക്കാർ ചുമത്തിയിട്ടുള്ള 18% ജിസ്ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യ സാധനങ്ങൾക്ക് ചുമത്തിയിട്ടുള്ള പോലെ 5% ആക്കി കുറയ്ക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് പ്രതിനിധി സംഘം മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭീമമായ ജി എസ് ടി ഈടാക്കുന്നത് വഴി സ്ത്രീ സംരംഭകരും യുവാക്കളും ഈ വ്യവസായത്തിൽ നിന്നും പിൻമാറുകയാണ്. ഇത് മൂലം ഇത്തരം പലഹാരങ്ങൾ ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും കാലക്രമേണ ഇല്ലാതാകും. വിപണിയിൽ പരമ്പരാഗത പലഹാരങ്ങളും നിലനിർത്തേണ്ടതായുമുണ്ട്. ആയതിനാൽ അനുകൂല നടപടി ഉണ്ടാകണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിനിധി സംഘം നൽകിയ നിവേദനത്തിൽ പറയുന്നു. ബെന്നി ബഹനാൻ എം പി യോടൊപ്പം ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം സംസ്ഥാന പ്രസി.റോയൽ നൗഷാദ്, ജന:സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബിജു നവ്യ , വൈസ് പ്രസി.റഷീദ് ക്വാളിറ്റി, ചാർട്ടേർഡ് അക്കൗണ്ടൻ്റ് സീജോ ജോസ് തുടങ്ങിയവരാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം നല്കിയത്.
പരമ്പരാഗത ബേക്കറി ഇനങ്ങൾക്ക് ഏർപ്പെടുത്തിയ ഭീമമായ ജിഎസ്ടി ഒഴിവാക്കണം:ബെന്നി ബഹനാനൊപ്പം പ്രതിനിധി സംഘം കേന്ദ്ര ധന മന്ത്രിയെ കണ്ടു
