ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഐ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഐ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അധ്യക്ഷയായി. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇ എസ് രേഷ്മ മുഖ്യതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ ശാരി ശിവൻ, ലളിത ഗോപി, എൻ കെ ഹരിദാസൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പി ഡബ്ലിയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യസ്ഥാപനത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എ സി മൊയ്തീൻ എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐപി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. 6000 ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലയിലായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ വെയ്റ്റിങ്ങ് ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ, ടോയ്ലെറ്റ് ബ്ലോക്കുകളും ഒന്നാം നിലയിൽ ഡ്യൂട്ടി റൂം, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ടോയ്ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഒ.പി. ,ഐ.പി, ലാബ്, ഫാർമസി, ഫിസിയോതെറാപ്പി, പെയിൻ ആൻ്റ് പാലിയേറ്റീവ് എന്നീ ഉപമേഖലകളിലായി രോഗീകേന്ദ്രീകൃത ഉപപരിചരണവും തുല്യ പ്രാധാന്യത്തോടെ പബ്ലിക് ഹെൽത്ത് സേവനങ്ങളും നൽകി വരുന്നുണ്ട്. രാവിലത്തെയും വൈകുന്നേരത്തേയും ഒ.പി. കളിലായി 500ൽപരം രോഗികൾക്കും രാത്രികാല ഒ.പി.യിൽ 70ൽപരം രോഗികൾക്കും സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.