Channel 17

live

channel17 live

പി.ഭാസ്കരന്റെ ആശയം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സച്ചിദാനന്ദൻ

കൊടുങ്ങല്ലൂർ: പി.ഭാസ്കരന്റെ ആശയം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. കേരള സംഗീത നാടക അക്കാദമിയുടെയും പി.ഭാസ്കരൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്നേഹം എന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. ജോലി തേടിപ്പോകുന്ന പിതാക്കൻമാരെ കുറിച്ചും അവരുടെ വിഹ്വലതകളെക്കുറിച്ചും അദ്ദേഹം പതിറ്റാണ്ടുകൾക്കു മുമ്പേ എഴുതി. നിറഞ്ഞ കണ്ണുകളാണ് പി.ഭാസ്കരന്റെ കവിതകളിലുള്ളത്. ഭാവനിയന്ത്രണമാണ് അദ്ദേഹത്തിന്റെ ശക്തി. ഹിരോഷിമയിൽ ബോംബിടാൻ വന്ന പോർ വിമാനങ്ങളെ വെള്ളി പ്രാവുകളായി സങ്കൽപ്പിച്ച കവി. ‘ഓർക്കുക വല്ലപ്പോഴും’ അദ്ദേഹത്തെ അനശ്വരനാക്കി. ഇന്നും ഈ വാക്കുകൾ കുറിക്കുന്ന വിടവാങ്ങലുകളുണ്ട്- ഓട്ടോഗ്രാഫുകളുണ്ട്. നാടോടി ശൈലിയിൽ നിന്നും കാൽപ്പനികതയിലേക്കും തിരിച്ചും അനായാസേന മാറാൻ കഴിയുന്നത് അദ്ദേഹത്തിനുള്ള അഭൂതപൂർവ്വമായ സിദ്ധിയാണ്. അത് പി.ഭാസ്കരനെ ഉയർത്തി നിർത്തുന്നു. ഭാവസാന്ദ്രതയും ശിൽപസൗന്ദര്യവും സമന്വയിപ്പിച്ചു കൊണ്ടുള്ള രചനാ ശൈലി. പി.ഭാസ്കരൻ എന്ന കവിയിൽ നിന്നും ഗാനരചയിതാവിലേക്ക് വലിയ ദൂരമില്ല. അദ്ദേഹത്തിന്റെ കവിത തന്നെ സംഗീതം നിറഞ്ഞതായിരുന്നു. ദൈനംദിന ഭാഷക്കകത്ത് ശ്രുതിഭേദങ്ങളും താളങ്ങളും കണ്ടെടുക്കുകയാണ് അദ്ദേഹം തന്റെ സിനിമാ ഗാനങ്ങളിലൂടെ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം നിലയിൽത്തന്നെ പി.ഭാസ്കരൻ ഒരു അക്കാദമിയായിരുന്നുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ നിരൂപകൻ ഇ.പി. രാജഗോപാലൻ അഭിപ്രായപ്പെട്ടു. പള്ളിപ്പെരുന്നാളിനും ഭരണിക്കും എല്ലാ മതക്കാരും ഒത്തുചേരുന്ന കൊടുങ്ങല്ലൂരിന്റെ പ്രത്യേകത അദ്ദേഹം തന്റെ കവിതകളുടെയും ഗാനങ്ങളുടെയും ആത്മാവാക്കി മാറ്റി. പാരമ്പര്യത്തിന്റെ വിലക്കുകളെ തള്ളിമാറ്റി പ്രണയത്തെ തന്റെ പാട്ടുകളിലൂടെ അദ്ദേഹം അനേകമായി അവതരിപ്പിച്ചു. ഭാവനയുടെ ക്രമത്തിലൂടെയുള്ള ലയം ആവിഷ്കരിക്കാൻ നിരന്തരം ശമിച്ചു. കേരളത്തിന് പൊതുസംഗീതം ഉണ്ടാക്കുന്നതിൽ ശ്രമിച്ച് വിജയിച്ച ആളാണ് അദ്ദേഹം. ആയിരത്തഞ്ഞൂറോളം വരുന്ന തന്റെ പാട്ടുകൾ കൊണ്ട് ഒരു സംഗീതകേരളം അദ്ദേഹം ഉണ്ടാക്കി. തന്റെ രചനകളിലൂടെ അദ്ദേഹം രാഷ്ട്രീയ സങ്കൽപ്പങ്ങളെ സ്വാധീനിച്ചു. അമിതാധികാരത്തിൽ മുഴുകിയ രാഷ്ട്ര വ്യവഹാരത്തിൽ തൊഴിലാളികളെപ്പോലെ താഴെ കിടയിലുള്ളവർക്ക് സ്ഥാനമില്ലാത്ത സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കേണ്ടി വരുന്നല്ലോ എന്ന സങ്കടം പി.ഭാസ്കരൻ പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പുഷ്പവതി പ്രഭാഷണം നടത്തി. പി.ഭാസ്കരന്റെ ‘വൃശ്ചിക രാത്രിതൻ ‘, ‘മഞ്ഞണിപ്പൂനിലാവ്’, ‘കടവത്ത് തോണിയടുത്തപ്പോൾ ‘, ‘ഇന്നലെ മയങ്ങുമ്പോൾ ‘, ‘ഒരു പുഷ്പം മാത്രമെൻ ‘ തുടങ്ങിയ ഗാനങ്ങളുടെ ശകലങ്ങളും അവർ അവതരിപ്പിച്ചു.

ഉച്ചതിരിഞ്ഞ് കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ അധ്യക്ഷതയില്‍ സെമിനാറുകൾ നടന്നു. ‘പി.ഭാസ്‌കരന്റെ കാലം’ എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തി. പി.ഭാസ്കരന്റെ കാലത്തിന്റെ അനുഭവം മറ്റാർക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാനായ, അത്യപൂർവ്വ പ്രതിഭയുള്ള ഒരു കവിയെ മർദ്ദിച്ച് അവശനാക്കുന്ന, ഒരു കവിൾ ചോര തുപ്പിക്കുന്ന, അണപ്പല്ല് അടിച്ചു തെറിപ്പിക്കുന്ന ഒരു വ്യവസ്ഥിതി നിലനിന്നിരുന്ന ഭീകര പീഢന കാലം. അദ്ദേഹത്തിന്റെ എത്രയോ കൃതികൾ നിരോധിക്കപ്പെട്ടു. രാഷ്ട്രീയ സമരങ്ങൾക്കൊപ്പം സമാന്തരമായി സാംസ്കാരികമായ കലാപം കൂടി ഉയർന്നു വരുമ്പോഴാണ് സമൂഹത്തിൽ ചലനമുണ്ടാവുക, മാറ്റമുണ്ടാവുക. ‘വരിക വരിക സഹജരേ’ എന്ന ഉജ്ജ്വലമായ വരികൾ കേൾവിക്കാരിൽ ആവേശം നിറച്ചു. കവിതകളിലൂടെ ധീരമായി പ്രതികരിക്കാൻ അദ്ദേഹം മുന്നോട്ടു വന്നു. കവിത എഴുതി എന്ന കുറ്റത്തിനു മാത്രമായി അറസ്റ്റ് ചെയ്യപ്പെട്ടു. സ്വയം കേസ് വാദിച്ചു. നമ്മുടെ ജീവിതങ്ങളെ പാട്ടുകളിലൂടെ സ്വാധീനിച്ച വ്യക്തി നടന്നു വന്നത് പൂ വിരിച്ച പാതയിലൂടെയല്ല. പാട്ടിന്റെ കൂടെ കൈയടി മാത്രമല്ല, ലാത്തിയടിയും ചൂരലടിയും മർദ്ദനവും അദ്ദേഹം ഏറ്റുവാങ്ങി. അറസ്റ്റ്, ജയിൽ, ലോക്കപ്പ് മർദ്ദനം, വിചാരണ എന്നിവയ്ക്കൊക്കെ വിധേയനാകേണ്ടി വന്നു. അതേ ആൾ തന്നെ പ്രണയത്തെ അത്രയും സ്നിഗ്ദ്ധമായ അനുഭവമാക്കി മാറ്റി. കാൽപ്പനികതയുടെ ലോകത്തേക്ക് ഉയർന്നു പോവുകയല്ല മറിച്ച് മണ്ണിൽ കാലുറപ്പിച്ച് നിൽക്കുക എന്ന സന്ദേശം നൽകിയ വ്യക്തി. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ പദസംസ്കാരവും സമ്പത്തുമായി ചേർന്നുപോയ സംഗീതജ്ഞനാണ് കെ.രാഘവൻ മാസ്റ്റർ എന്നും കേരളം കണ്ട ഏറ്റവും മഹാനായ മാപ്പിളപ്പാട്ട് കവിയാണ് പി. ഭാസ്കരൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി ഭാസ്‌കരന്‍ എന്ന കവി’ എന്ന വിഷയത്തിൽ പി.എന്‍.ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. സി.പി.അബൂബക്കർ, പി.ഭാസ്കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സെകട്ടറി സി.എസ്.തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല, പ്രൊഫ.കെ.അജിത തുടങ്ങിയവർ സംബന്ധിച്ചു. പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘മഞ്ഞണിപ്പൂനിലാവ്’ ഗാനസന്ധ്യയും അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!