പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളെ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അവലോകന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. നിർമ്മാണം പൂർത്തീകരിച്ച നന്തിക്കര- മാപ്രാണം, ആനന്ദപുരം- നെല്ലായി, കച്ചേരി കടവ് പാലം -അപ്രോച്ച്, വരന്തരപ്പിള്ളി – നന്തിപുലം റോഡുകൾ ഉദ്ഘാടനത്തിന് സജ്ജമായതായും വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് നിർവഹിക്കുമെന്നും കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.
പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം ചിലവിൽ നവീകരിച്ച രണ്ടാം കല്ല്, വേലുപ്പാടം എസ് സി നഗറുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് മാസം എട്ടാം തിയതി പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു.
2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച വല്ലച്ചിറ ജി യു പി എസ് സ്കൂൾ കെട്ടിട നിർമ്മാണം ഓഗസ്റ്റ് അഞ്ചിന് നിർവഹിക്കും. പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ്റെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി. നൂറിലധികം പൈലിങ്ങുകൾ ഇതിനോടകം പൂർത്തീകരിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ലൂർദ്ദ്പുരം ഗവൺമെന്റ് യുപി സ്കൂൾ, അവിട്ടപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനും, തൃക്കൂർ ജിഎൽപിഎസ്, മുപ്ലിയം ജിഎച്ച്എസ്എസ്, കോടാലി ജി എല്‍ പി എസ് സ്കൂളുകളുടെ വിവിധ നവീകരണ പ്രവർത്തികൾക്കും നടപടി സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു. ഇതിനായി എസ്റ്റിമേറ്റുകൾ തയ്യാറാക്കി സമർപ്പിക്കാൻ എൽ എസ് ജി ഡി എൻജിനീയറിങ് വിഭാഗത്തിനോട് എംഎൽഎ നിർദ്ദേശിച്ചു. പുതുക്കാട് – മുപ്ലിയം – കോടാലി റോഡിന് 74 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുന്നതിനായി കിഫ്‌ബി ബോർഡിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്ന് കെ ആർ എഫ് ബി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി കാലതാമസം കൂടാതെ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശം നൽകി.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡൽ ഓഫീസർ ബിന്ദു പരമേഷ്, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജെ സ്മിത, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.