Channel 17

live

channel17 live

പുത്തൂര്‍ ബസ്സ്റ്റാന്‍ഡ്, നടത്തറ പഞ്ചായത്ത് ഓഫീസ് എന്നിവയുടെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ വിലയിരുത്തി

റവന്യൂ മന്ത്രി കെ. രാജന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെയും, നടത്തറ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെയും നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

നടത്തറ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് നാലു കോടി രൂപയും, പുത്തൂരിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് മൂന്ന് കോടി രൂപയുമാണ് ബജറ്റില്‍ തുക അനുവദിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിനായുള്ള ഭൂമി ലഭ്യമാക്കിക്കഴിഞ്ഞതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗത്തില്‍ അറിയിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് കണ്ടെത്തുന്ന ഭൂമിയുടെ മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭൂമി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വവും അറിയിച്ചു.

രണ്ട് ഇടങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ വേഗത്തില്‍ തയ്യാറാക്കുന്നതിനും നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമയക്രമം തയ്യാറാക്കാന്‍ മന്ത്രി കെ. രാജന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ മാസവും പരിശോധിക്കുന്ന പ്രത്യേക സമിതിയുടെ അജണ്ടയില്‍ പുത്തൂരിലെയും നടത്തറയിലെയും ഈ രണ്ട് നിര്‍മ്മാണ പ്രവര്‍ത്തികളും ഉള്‍പ്പെടുത്താമെന്ന് കളക്ടര്‍ പറഞ്ഞു. അതനുസരിച്ച് എല്ലാമാസവും ജില്ലാ കളക്ടര്‍ തന്നെ ഈ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തും.

രണ്ടു പ്രവൃത്തികളുടെയും സ്‌കെച്ചും ഡിസൈനും തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ ഡിസൈനിങ് വിഭാഗം ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്തുകളുടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ മാസം 23 ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ് 15 മീറ്റര്‍ വീതിയായി പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പുത്തൂരില്‍ പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കുന്നത്.

യോഗത്തില്‍ റവന്യൂ മന്ത്രിക്കും കളക്ടര്‍ക്കും പുറമേ, എഡിഎം ടി. മുരളി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആര്‍ രജിത്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എസ് സുജിത്ത്, ടി.വി സുരേന്ദ്രന്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!