പുത്തൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന പുത്തൂര്‍ സമാന്തര പാലത്തിന് ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര തുക റവന്യൂ മന്ത്രി കെ രാജന്‍ വിതരണം ചെയ്തു. 0.09 ഹെക്ടര്‍ ഭൂമിയാണ് സമാന്തര പാലത്തിനായി ഏറ്റെടുക്കുന്നത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് റോഡിന്റെ വീതി കൂട്ടാന്‍ തീരുമാനിച്ചത്. പുത്തൂര്‍ പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കേണ്ട ആവശ്യകത അനിവാര്യമായ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
9.70 കോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. നടത്തറ, കൈനൂര്‍ വില്ലേജുകളില്‍ നിന്നും യഥാക്രമം 6.58 സെന്റ്, 10.66 സെന്റ് ഉള്‍പ്പെടെ 17.24 സെന്റ് ഭൂമിയാണ് നിര്‍മാണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. നഷ്ടപരിഹാര തുകയായ 2,44,79,856 രൂപയാണ് ഉടമസ്ഥര്‍ക്ക് വിതരണം ചെയ്തത്.
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. എ.ഡി.എം ടി മുരളി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ആര്‍ രജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഒല്ലൂക്കര ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ്കുമാര്‍, പുത്തൂര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിബി വര്‍ഗീസ്, പുത്തൂര്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സജിത്ത്, ഒല്ലൂക്കര ബ്ലോക്ക് അംഗം നന്ദന്‍ കുന്നത്ത്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി ബി സുരേന്ദ്രന്‍, നടത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ ജെ ജയന്‍, പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ജി ഷാജി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.