വനം, റവന്യു മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു.
പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് മുമ്പായി നാടിന് സമർപ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും അറിയിച്ചു. പാർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാർക്ക് സന്ദർശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമും യോഗത്തിൽ പങ്കെടുത്തു.
മെയ് മാസത്തിൽത്തന്നെ സിവിൽ പ്രവൃത്തികളെല്ലാം പൂർത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വനേതര ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ എ.ഐ, വെർച്ച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജൻസിയായ കിഫ്ബി നിർമാണപുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. തുടർ നിർമ്മാണപ്രവർത്തനങ്ങൾക്കും കിഫ്ബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വനം മന്ത്രി പറഞ്ഞു.
മൃഗങ്ങളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗശാല, വനം വകുപ്പ് ഉദ്യോഗസ്ഥർ കോൺക്ലേവിൽ പങ്കെടുക്കും. മൃഗങ്ങളെ എത്തിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഓഗസ്റ്റിന് മുമ്പായി പൂർത്തിയാക്കും. പാർക്കിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോഡരികിലുള്ള മരം മുറിക്കുന്നതും വൈദ്യുത കമ്പികളും പോസ്റ്റുകളും മാറ്റുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടുത്ത ആഴ്ച ആരംഭിക്കും. കൃത്യമായ ടൈംലൈനിൽ ജോലികൾ പൂർത്തിയാക്കും.
269 കോടി രൂപയാണ് ആദ്യം നിർമ്മാണത്തിനായി അനുവദിച്ചത്. പിന്നീട് പലഘട്ടങ്ങളിലായി ഇത് 333 കോടി രൂപയായി ഉയർന്നു.
പാർക്കിന് ചുറ്റും നിരീക്ഷണസംവിധാനം ഏർപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഓൺലൈൻ സർവ്വീസുകൾ നൽകുന്നതിനും അധികതുകവേണ്ടിവരുമെന്ന സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ് യോഗത്തിൽ അറിയിച്ചു.
പുത്തൂർ സുവോളജിക്കൽ പാർക്കിലെ പരിശീലനം പൂർത്തിയാക്കിയ 13 ആനിമൽ കീപ്പർമാക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രിമാർ വിതരണം ചെയ്തു. പരിശീലനത്തിനിടെ മരണമടഞ്ഞ അമൽദേവിന്റെ കുടുംബത്തിന് ധനസഹായവും കൈമാറി.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി പുകഴേന്തി, സെൻട്രൽ സർക്കിൾ സി.സി.എഫ് ഡോ. ആർ ആടലരശൻ, ഡി.എഫ്.ഒ രവികുമാർ മീണ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ കെ സുനിൽകുമാർ, ബി.എൻ നാഗരാജു, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എഞ്ചിനീയർ മധുസൂദൻ റാവു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.