Channel 17

live

channel17 live

പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും: മന്ത്രി പി രാജീവ്

പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം നാടിന് സമര്‍പ്പിച്ചു.

പുഴയ്ക്കല്‍പ്പാടത്തെ ബഹുനില വ്യവസായ സമുച്ചയത്തെ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായ സമുച്ചയത്തിലേക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും. ജില്ലാതല കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. നവംബര്‍ 18 ന് മുമ്പ് അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി പ്രശ്‌നമില്ലാത്ത വ്യവസായങ്ങളെയാണ് പുഴക്കല്‍ പാടത്ത് പ്രോത്സാഹിപ്പിക്കുന്നത്. പുഴക്കല്‍ പാടത്തെ ക്രിന്‍ഫ്രയുടെ ഭൂമിയില്‍ അധികം വൈകാതെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വ്യവസായ പാര്‍ക്കില്‍ 30 വര്‍ഷത്തേയ്ക്കാണ് സ്ഥലം നല്‍കുന്നത്. ഇത് 30 വര്‍ഷത്തേയ്ക്ക് കൂടി കൂട്ടി നല്‍കും. വ്യവസായം കൈമാറാനുള്ള സൗകര്യവും ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പഠനത്തോടെപ്പം ജോലി ചെയ്യുന്നതിന് കോളേജുകളോട് ചേര്‍ന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് സ്ഥാപിക്കും. ജില്ലയില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കം ഫുഡ് പ്രോസസിംഗ് പാര്‍ക്ക് ആരംഭിക്കും. വ്യവസായ രംഗത്ത് പൊതുമേഖല സ്ഥാപനങ്ങളെ കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഭൂമി എങ്ങനെ പരമാവധി നിയമാനുസൃതമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കി കൊണ്ടിരിക്കുന്നത്. വ്യവസായ രംഗത്ത് നല്ല മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയില്‍ വ്യവസായ രംഗത്ത് ഉയര്‍ന്ന വിജയം കൈവരിച്ചവരെ മന്ത്രി ആദരിച്ചു. ”ഉയരത്തില്‍ വികസിക്കുക’ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി നിക്ഷേപകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരീച്ചിട്ടുള്ള സ്ഥലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുഴയ്ക്കല്‍ പാടത്ത് ബഹുനില വ്യവസായ സമുച്ചയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

11.41 ഏക്കര്‍ സ്ഥലത്ത് അഞ്ചു ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 1,29,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ബഹുനില വ്യവസായ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 23.33 കോടി രൂപയാണ്. പ്രാരംഭ ഘട്ടത്തില്‍ 100 കോടി രൂപയുടെ നിക്ഷേപവും 1000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ, തൃശ്ശൂര്‍ എംഎസ്എംഇ ഡിഎഫ്ഒ ജോയിന്റ് ഡയറക്ടര്‍ ആന്റ് ഹെഡ് ഓഫ് ദി ഓഫീസ് ജി എസ് പ്രകാശ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എസ് കൃപകുമാര്‍, ജോയിന്റ് ഡയറക്ടര്‍ സി എസ് സിമി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. സ്മിത, തൃശ്ശൂര്‍ കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് കെ ഭവദാസന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!