ചാലക്കുടി നഗരസഭ പരിധിയിലെ പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ സർവ്വെയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡിജിറ്റൽ സർവ്വേയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ നിർവഹിച്ചു . ഡെപ്യൂട്ടി തഹസിൽദാർ ആൻ്റോ ജേക്കബ് അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ 1, 2, 29, 32, 33, 34, 35, 36 എന്നീ വാർഡുകളിലെ പൊറ്റ, ഉറുമ്പൻകുന്ന്, വി.ആർ.പുരം, തച്ചുടപറമ്പ്, കാരക്കുളത്തുനാട്, ആശ്രമം പരിസരം എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് സർവ്വെ നടക്കുന്നത്. ആറുമാസത്തിനകം പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.
ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഏഴു സർവ്വെ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുമ്പോൾ ഭൂവുടമസ്ഥർ കൈവശമുള്ള ഭൂമിയുടെ അതിർത്തികൾ കാടുവെട്ടി തെളിച്ച് വ്യക്തമാക്കേണ്ടതും, ആധാരം, പട്ടയം, 2025 ലെ ഭൂനികുതി രശീത്, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കേണ്ടതുമാണ്.
വാർഡ് കൗൺസിലർമാരായ എബി ജോർജ്ജ്, ആലീസ് ഷിബു, ജിജി ജോൺസൻ, ബെറ്റി വർഗീസ്, കെ.എസ്. സുനോജ്, ലിബി ഷാജി, വില്ലേജ് ഓഫീസർ എം.ജെ ആൻ്റു, ജില്ലാ റീസർവ്വെ സൂപ്രണ്ട് ഷിജു റോഡിക്സ്, ഷിഹാബുദീൻ, ബാലമുരളി, ആശാദേവി എന്നിവർ പങ്കെടുത്തു.