പോഴങ്കാവ് കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയ്ക്ക് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പോഴങ്കാവ് കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ ബി സുമിത പദ്ധതി വിശദീകരിച്ചു.
നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 1000 മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി പോഴങ്കാവ് കുളത്തില്‍ നിക്ഷേപിച്ചത്. അഴീക്കോട് മത്സ്യഭവന്‍ പരിധിയിലുള്ള 10 പൊതുകുളങ്ങളിലായി രണ്ട് ഹെക്ടറോളം ഏരിയയില്‍ സെന്റിന് മുപ്പത് എണ്ണം എന്ന തോതില്‍ കാര്‍പ്പ്, കരിമീന്‍ എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പൊതു കുളങ്ങളിലെ മത്സ്യകൃഷി പരിപാലനത്തിനായി പ്രത്യേകം തെരഞ്ഞെടുത്ത ജനകീയ സമിതികളുടെ കൂട്ടായ്മയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വികസനകാര്യ സമിതി അധ്യക്ഷന്‍ കെ എ അയ്യൂബ്, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ പി എ നൗഷാദ്, വാര്‍ഡ് മെമ്പര്‍മാരായ രാജേഷ്, ഇബ്രാഹിംകുട്ടി, മിനി പ്രദീപ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, മത്സ്യക്കുളം സംരക്ഷണ സമിതി ഭാരവാഹികളായ ജോഷി ചാലുള്ളി, പി കെ രാജീവ്, മറ്റ് ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യകര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് ജോര്‍ജ് മിക്‌സഡ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക നിമി മേനോന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രത്യേക ക്ഷണിതാക്കളായി പരിപാടിയില്‍ പങ്കെടുത്തു.