വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരവൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിതകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തിയ പദ്ധതിയിൽ 50 ശതമാനം ഗുണഭോക്തൃവിഹിതമാണ്. 12 മുതൽ 18 മാസം വരെ പ്രായമുള്ള 20000 രൂപ വില വരുന്ന 20 പോത്തുകുട്ടുകളെയാണ് വിതരണം ചെയ്തത്. 10000 രൂപ വീതം സബ്സിഡി ഇനത്തിൽ നൽകിയാണ് പദ്ധതി നടപ്പാക്കിയത്. വനിതകളിൽ കൃഷി ഒരു സംരംഭമായി വളർത്തുന്നതിന് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി.
വരവൂർ വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന പരിപാടിയിൽ വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ യശോദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ ഹിദായത്തുള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ സേതുമാധവൻ, പി എസ് പ്രദീപ്, വെറ്ററിനറി ഡോക്ടർ വി ലിഷ, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ എം എ ഫ്രാൻസിസ്, ഓഫീസ് സ്റ്റാഫ് എം എസ് മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.