Channel 17

live

channel17 live

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

ജില്ലയില്‍ 2024 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പട്ടിക്കാട് മാര്‍ തോമാശ്ലീഹാ പാരിഷ് ഹാളിലും, കൈനൂര്‍ അമ്പല ഹാളിലും നടന്ന ചടങ്ങില്‍ 1628 പേര്‍ക്കുള്ള ധനസഹായം മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു. ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഇതുവരെ 11,33,96,500 രൂപയാണ് അനുവദിച്ചത്. ഇതില്‍ 74.71 ശതമാനം ഗുണഭോക്താക്കള്‍ക്കായി 8,04,21,000 രൂപയുടെ ധനസഹായം ഇതുവരെ വിതരണം ചെയ്തു. ജില്ലയില്‍ 128 വീടുകള്‍ മുഴുവനായും 1502 വീടുകള്‍ ഭാഗികമായും മഴയില്‍ തകര്‍ന്നിരുന്നു. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കായി 48,00,000 രൂപയും ജില്ലയില്‍ വിതരണം ചെയ്തു.

2024 ജൂലൈ 29, 30 ആഗസ്റ്റ് 1 തിയ്യതികളില്‍ ജില്ലയില്‍ പെയ്ത അതിശക്തമായ മഴയില്‍ രണ്ട് ദിവസം ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറേണ്ടി വന്നവര്‍ക്കും അടിയന്തര ധനസഹായമായി അകൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി ജില്ലയില്‍ 11,791 അപേക്ഷകളിലായി അഞ്ച് കോടി എണ്‍പത്തിയൊമ്പത് ലക്ഷത്തി അമ്പത്തയ്യായിരം രൂപ എല്ലാവരുടെയും അകൗണ്ടുകളിലേക്ക് ലഭ്യമായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

വീടുകളുടെ തകര്‍ച്ച എത്രയെന്ന് നോക്കുന്നത് പഞ്ചായത്ത് എ.ഇമാരാണ്. അതനുസരിച്ചു പതിനഞ്ച് ശതമാനത്തില്‍ താഴെ തകര്‍ന്ന വീടുകള്‍ക്ക് ആറായിരത്തി അഞ്ഞൂറ് രൂപ എസ്ടിആര്‍എഫില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് രൂപ സിഎംഡിആര്‍എഫില്‍ നിന്നുമായി പതിനായിരം രൂപ ലഭ്യമാകും. പതിനാറ് ശതമാനം മുതല്‍ ഇരുപത്തിയൊമ്പത് ശതമാനം വരെ ദുരിതമുണ്ടായവര്‍ക്ക് നാല്‍പത്തയ്യായിരം രൂപ എസ്ടിആര്‍എഫില്‍ നിന്നും പതിനയ്യായിരം രൂപ സിഎംഡിആര്‍എഫില്‍ നിന്നും കൂടി അറുപതിനായിരം രൂപ ലഭിക്കും.

മുപ്പത് ശതമാനത്തിനും അമ്പത്തിയൊമ്പത് ശതമാനത്തിനുമിടയില്‍ വന്നവര്‍ക്ക് തൊണ്ണൂറാംയിരം രൂപ എസ്ടിആര്‍എഫില്‍ നിന്നും മുപ്പത്തി അയ്യായിരം രൂപ സിഎംഡിആര്‍എഫില്‍ നിന്നും കൂടി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നല്‍കും. അറുപത് ശതമാനത്തിനും എഴുപത് ശതമാനത്തിനും ഇടയിലുള്ളവര്‍ക്ക് തൊണ്ണൂറാംയിരം രൂപ വരെയേ എസ്ടിആര്‍എഫില്‍ നിന്ന് നല്‍കാനാവൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൂടി ആകെ രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിച്ചു നല്‍കും.

എഴുപത് ശതമാനത്തിലധികം ദുരന്തമുണ്ടായാല്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം തുക എസ്ടിആര്‍എഫില്‍ നിന്ന് കിട്ടുന്നതെങ്കിലും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂട്ടി നാല് ലക്ഷം രൂപ വിതരണം ചെയ്യാനുള്ള സഹായമാണ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ ചൂരല്‍മലയിലും കോഴിക്കോട് നാദാപുരത്തും അതിഭീകരമായ ദുരന്തമുണ്ടായി നാടെല്ലാം അവിടെ കേന്ദ്രീകരിക്കുമ്പോഴും തൃശൂരിലെ പ്രളയ ബാധിതര്‍ക്ക് നല്‍കേണ്ട സഹായങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പല സമരങ്ങള്‍ ഉണ്ടായെങ്കിലും ഇത് കൃത്യതയോടെ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ എസ്ടിആര്‍എഫുമായി ബന്ധപ്പെട്ട തുക ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ലഭിക്കുന്ന തുക കൂടി ഈ തകര്‍ന്ന വീടുകളുടെ ആളുകളുടെ അകൗണ്ടിലേക്ക് വരും ദിവസങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024 ജൂലെ 29, 30, 31 തിയതികളിലെ ശക്തമായ മഴയില്‍ ജില്ലയില്‍ 77,91,94,212 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ജില്ലാഭരണകൂടം കണക്കാക്കിയിട്ടുള്ളത്. അടിയന്തര ധനസഹായമായി 5000 രൂപ വീതം തൃശ്ശൂര്‍ താലൂക്കിലെ 5466 ഗുണഭോക്താക്കള്‍ക്കായി 2,73,30,000 രൂപയും, തലപ്പിള്ളി താലൂക്കിലെ 895 കുടുബങ്ങള്‍ക്കായി 44,75,000 രൂപയും, കുന്നംകുളം താലൂക്കിലെ 670 കുടുംബങ്ങള്‍ക്കായി 33,50,000 രൂപയും, ചാവക്കാട് താലൂക്കിലെ 940 കുടുംബങ്ങള്‍ക്കായി 47,00,000 രൂപയും, മുകുന്ദപുരം താലൂക്കിലെ 3177 കുടുംബങ്ങള്‍ക്കായി 1,58,85,000 രൂപയും, കൊടുങ്ങലൂര്‍ താലൂക്കിലെ 110 കുടുംബങ്ങള്‍ക്കായി 5, 50,000 രൂപയും, ചാലക്കുടി താലൂക്കിലെ 533 കുടുംബങ്ങള്‍ക്കായി 26,65,000 രൂപയും നഷ്ടപരിഹാരമായി നല്‍കി. വസ്ത്രങ്ങള്‍ നഷ്ടമായവര്‍ക്ക് 2500 രൂപയും വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 2500 രൂപയും ഉള്‍പ്പെടെ 5000 രൂപയാണ് ഒരു കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കിയത്.

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി വിശിഷ്ടാതിഥിയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈനൂരില്‍ നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ഇ സജു, സിനി പ്രദീപ് കുമാര്‍, നളിനി വിശ്വംഭരന്‍, പി.എസ് സജിത്ത്, പി.ജി സുരേന്ദ്രന്‍, പി.കെ അഭിലാഷ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ സ്മിതാ റാണി, താഹസില്‍ദാര്‍ ജയശ്രീ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!