ന്യൂഡൽഹി :കേന്ദ്രസർക്കാരിന്റെ പിൽഗ്രിം റിജുനേഷൻ ആൻഡ് സ്പിരിച്വൽ ഓഗ്മെന്റേഷൻ ഡ്രൈവ് (പ്രസാദ്) സ്കീമിൽ ഉൾപ്പെട്ട ചേരമാൻ ജുമാ മസ്ജിദിനും മലയാറ്റൂർ സെന്റ് തോമസ് പള്ളിക്കും പദ്ധതിയുടെ പൂർത്തീകരണത്തിന് മുടങ്ങി കിടക്കുന്ന ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും, റോജി എം ജോൺ എംഎൽഎയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയെ നേരിൽകണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
രണ്ട് പദ്ധതികളുടെയും ഡിപിആർ പൂർത്തിയാക്കി അന്തിമ പദ്ധതി റിപ്പോർട്ട് കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളതാണ്. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി കൂടെ ലഭിച്ചാൽ മാത്രമേ പദ്ധതി പൂർണ്ണമാകൂ. അതിന് ടൂറിസം മന്ത്രാലയത്തിന്റെ ശ്രമം കൂടിയേ മതിയാകൂ.2022 മാർച്ച് അവസാനവാരം മേൽപ്പറഞ്ഞ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളും പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തിയതായി ടൂറിസം വകുപ്പ് സെക്രട്ടറി ബെന്നി ബഹനാൻ എംപിയെ രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് ധനവകുപ്പിന്റെ അനുമതി ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ ടൂറിസം സഹമന്ത്രി എന്ന നിലയിൽ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇരുവരും മന്ത്രിക്ക് നിവേദനം നൽകിയത്.