വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രീ പ്രൈമറി കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ സാമൂഹ്യവത്ക്കരണ പ്രക്രിയയിൽ ശാസ്ത്രീയ സംവിധാനം നൽകുന്നതിനായി എസ് എസ് കെ യുമായി ആലോചിച്ച് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സമൂഹത്തെയും മാതാപിതാക്കളെയും നാട്ടുഭാഷയെയും സ്നേഹിക്കുന്ന സാമൂഹ്യബോധമുള്ള കുട്ടികളായി പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾ മാറുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും സാമൂഹിക അന്തരീക്ഷവും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 59 ലക്ഷം രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി കെട്ടിടം നിർമ്മിക്കുന്നത്.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷനായി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായി. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രധാന അധ്യാപകൻ ടി എസ് സജീവൻ, പിടിഎ പ്രസിഡന്റ് എം എം രാധാകൃഷ്ണൻ, വാർഡ് മെമ്പർ ജൂലി ജോയ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വിവിധ പാർട്ടി പ്രതിനിധികൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.