ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിലെ സ്വകാര്യ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ അമിതവേഗം മൂലം ദിനംപ്രതി അപകടങ്ങൾ കൂടുകയും മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ അനുവദിക്കപ്പെട്ട സമയത്തിന് സർവ്വീസ് നടത്തുവാൻ സ്വകാര്യ ബസ്സുകൾക്ക് കഴിയാത്തത് അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കാരണമാകുന്നുണ്ട്.
ബസ്സുകൾക്ക് ഓടിയെത്താൻ അനുവദിക്കപ്പെട്ട സമയം റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമാകും വരെ പുന:ക്രമീകരിക്കണമെന്നും റോഡ് നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകൾ പൂർണ്ണമായും സഞ്ചാര യോഗ്യമാക്കണമെന്നും പി മണി കൂട്ടിച്ചേർത്തു. നിലവിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തോന്നിയ റോഡുകളിലൂടെയാണ് സ്വകാര്യ ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും ട്രാഫിക്ക് നിയന്ത്രണത്തിന് കൂടുതൽ പോലീസ് സേവനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്റ്റ് കോളെജ് മുതൽ പൂതംകുളം വരെയുള്ള റോഡ് നിർമ്മാണ പൂർത്തീകരണത്തിലെ കാലതാമസം ന്യായീകരിക്കുവാൻ കഴിയില്ലെന്നും ഇരിങ്ങാലക്കുട ബൈപാസ് റോഡ്, ഉൾപ്പടെ പട്ടണത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറ്റകുറ്റ പണികൾ നടത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ സി പി ഐ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അറിയിച്ചു.