Channel 17

live

channel17 live

ഭരണഘടന വിജ്ഞാനോത്സവം നടത്തി

ഭരണഘടന വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഭരണഘടനയെ സംബന്ധിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം സമൂഹത്തിൽ രൂപപ്പെടുത്തുന്നതിനായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭരണഘടന വിജ്ഞാനോത്സവം. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാവരും സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് കടക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 43,000 ത്തോളം വീടുകളിൽ ഭരണഘടനയുടെ സംക്ഷിപ്തരൂപം തയ്യാറാക്കി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമാരും മറ്റു വിദ്യാർത്ഥികളും അടങ്ങുന്ന രണ്ടായിരത്തോളം പേരാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.
വിദ്യാർത്ഥികളായ വളണ്ടിയർമാരോടൊപ്പം കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, വിവിധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, സാക്ഷരത പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

2022- 23 സാമ്പത്തിക വർഷത്തിൽ നവംബർ 26 ന് ഭരണഘടന ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കേവലം ഭരണഘടനയുടെ ആമുഖം എത്തിക്കുക എന്നതിനപ്പുറം അതിന്റെ പ്രാധാന്യവും വായനയും ഉറപ്പാക്കുന്നതിനായി വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണഘടന വിജ്ഞാനോത്സവം പദ്ധതി തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പരിപാടികളായ ‘സമേതം’ പരിപാടിയോട് കൂട്ടിച്ചേർത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ആസൂത്രണ സമിതിയും നേതൃത്വം നൽകുന്ന സംയുക്ത വിദ്യാഭ്യാസപദ്ധതിയാണ് സമേതം ഭരണഘടനാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജില്ലയിലെ 1,028 വിദ്യാലയങ്ങളിൽ ഭരണഘടനാ ചുമർ നിർമ്മിക്കും. ചുമരിൽ പതിക്കുന്ന ഭരണഘടനാ ആമുഖത്തിന്റെ മറ്റു വശങ്ങളിലായി, ചിത്രകാരന്മാരായ കുട്ടികൾ, പ്രാദേശിക ചിത്രകാരന്മാർ തുടങ്ങിയവർ അനുബന്ധ ചിത്രങ്ങൾ വരച്ചു ചേർക്കും. ഭരണഘടനാ അസംബ്ലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌, വെള്ളാങ്ങല്ലൂർ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, അസ്മാബി, ഫസ്ന റിജാസ്, പ്രസന്ന അനിൽ കുമാർ, കെ.ബി. ബിനോയ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി.എം ഹസീബ് അലി, സമേതം കോർഡിനേറ്റർ ടി.വി. മദനമോഹനൻ, സാജൻ ഇഗ്‌നേഷ്യസ്, വി. മനോജ്‌, ടി.എസ്. സജീവൻ, എം.എസ്. ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!