സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയിൽ ഭാഗ്യം പരീക്ഷിക്കാനും ഭാഗ്യക്കുറിയെ അറിയാനും അവസരം ഒരുക്കുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഭാഗ്യം പരീക്ഷിക്കുന്ന ചെറിയ കളികളും ഭാഗ്യക്കുറിയെ പരിചയപ്പെടുത്തുന്ന ഒട്ടനവധി അറിവുകളും പങ്കുവെക്കുകയാണ് ഭാഗ്യക്കുറിയുടെ സ്റ്റാൾ. പ്രത്യേകം തയ്യാറാക്കിയ ചക്രം തിരിച്ചുള്ള ഭാഗ്യപരീക്ഷണ ഗെയിമുകൾ കുട്ടികൾ ഉൾപ്പെടെ ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് ചെറിയ സമ്മാനങ്ങളും നൽകും.
സ്റ്റാൾ സന്ദർശിക്കുന്നവർക്ക് പ്രതിദിന നറുക്കെടുപ്പിലൂടെ ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമാകാൻ അവസരമുണ്ട്. ഓരോ ദിവസവും കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. എല്ലാദിവസവും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന ലോട്ടറി നറുക്കെടുപ്പ് ലൈവായി ഇവിടെ കാണാം. ലോട്ടറിയുടെ മുൻകാല ചരിത്രവും ടിക്കറ്റും നറുക്കെടുപ്പും ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകളും കൃത്യമായി മനസ്സിലാക്കാം. സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിരയോടൊപ്പമുള്ള സെൽഫി പോയിന്റും സ്റ്റാളിലെ ആകർഷണമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഗെയിമുകളും ഒരുക്കി മേളയിൽ സജീവമാവുകയാണ് ഭാഗ്യക്കുറി വകുപ്പ്.