ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. അവർക്ക് മാനസികോല്ലാസം നല്കേണ്ടത് സാമൂഹികവല്ക്കരണത്തിൻ്റെ ഭാഗമാണ് എന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു പ്രസ്താവിച്ചു. പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം ബി.ആർ.സി ഇരിങ്ങാലക്കുടയും സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബും സംയുക്തമായി സെൻ്റ്. ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ആർ. ബിന്ദു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.എസ്.വളണ്ടിയർ കുമാരി. അഫ് ല സിമിൻ സ്വാഗതമാശംസിച്ചു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ടായ ഹാരിഷ് പോൾ വിശിഷ്ടാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബി.ആർ.സിയിലെ ബിപിസി സത്യപാലൻ കെ.ആർ, ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ അഡ്വ.ജോൺ നിതിൻ തോമസ്,ഇരിങ്ങാലക്കുട ബി.ആർ.സിയിലെ ഡി പി സി ബ്രിജി, ലയൺസ് ക്ലബ്ബ് റീജണൽ ചെയർപേഴ്സൺ കെ.എസ്.പ്രദീപ്, ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ഡയസ് ജോസഫ്, ശ്രീ പോൾ (ജി-ടെക് കമ്പ്യൂട്ടേഴ്സ് ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ വെച്ച് സെൻ്റ്.ജോസഫ്സ് കോളേജും ലയൺസ് ക്ലബ്ബും സംയുക്തമായി ഡോ.ആർ. ബിന്ദുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രത്യേക പരിഗണനയർഹിക്കുന്ന അമ്പത് വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി സ്കൂൾ ബാഗ് വിതരണം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി നന്ദി രേഖപ്പെടുത്തി.തുടർന്ന് നിരവധി കലാപരിപാടികളും അരങ്ങേറി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഉർസുല എൻ, അധ്യാപകരായ മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഭിന്നശേഷിത്വം എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ് തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ – മന്ത്രി ഡോ.ആർ. ബിന്ദു
