സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് വിതരണത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് യോഗം ചേർന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തി യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ തന്മുദ്ര വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും നഗരസഭയും , ഗ്രാമ പഞ്ചായത്തുകളും നേതൃത്വം നല്‍കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ് ഡസ്ക് ആരംഭിക്കും. പ്രചാരണ പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ യു.ഡി.ഐ.ഡി-തന്മുദ്ര വെബ് സൈറ്റില്‍ രേഖപ്പെടുത്തുക. എൻ.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നൽകും. നിലവില്‍ അംഗനവാടി വര്‍ക്കര്‍മാരുടെ കൈവശമുള്ള ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അംഗനവാടി വര്‍ക്കര്‍മാരുടെ സേവനവും ഉപയോഗിക്കും. വിവരങ്ങള്‍ ശേഖരിച്ച് രജിസ്ട്രേഷന്‍ നടത്തിയതിനുശേഷം ഭിന്നശേഷി നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകള്‍ പ്രാദേശികതലത്തില്‍ സംഘടിപ്പിക്കുന്നത്തിനും യോഗത്തിൽ ധാരണയായി. തുടർന്ന് മണ്ഡലം അടിസ്ഥാനത്തിൽ വിപുലമായ ക്യാമ്പ് സംഘടിപ്പിച്ച് ഇരിങ്ങാലക്കുടയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി കാര്‍ഡ് നൽകുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.