അങ്കണവാടിയുടെ ഉദ്ഘാടനം എ. സി മൊയ്തീൻ നിർവഹിച്ചു.
കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മണ്ടംപറമ്പിൽ രണ്ട് പതിറ്റാണ്ടായി സ്വന്തമായി സ്ഥലമോ, കെട്ടിടമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ മണ്ടംപറമ്പ് സ്ക്കൂളിൽ താൽക്കാലികമായി പ്രവർത്തിച്ചു വരുന്ന 96 ആം നമ്പർ അങ്കണവാടിക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായി. താഴത്തേതിൽ കുഞ്ഞുമുഹമ്മദിന്റെ സ്മരണാർത്ഥം മക്കൾ നൽകിയ ഭൂമിയിൽ കുന്നംകുളം എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
അങ്കണവാടിയുടെ ഉദ്ഘാടനം എ. സി മൊയ്തീൻ നിർവഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷയായി. അങ്കണവാടി കെട്ടിടം പണിയാൻ സ്ഥലം വിട്ടു നൽകിയ താഴത്തേതിൽ കുഞ്ഞുമുഹമ്മദ് മകൻ ഹൈദ്രോസിനെ ചടങ്ങിൽ എംഎൽഎ ആദരിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ കെ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി പി ലോറൻസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടെസ്സി ഫ്രാൻസിസ്, പി എ മുഹമ്മദ് കുട്ടി, വാർഡ് മെമ്പർ രമ്യ ഷാജി , ഐസിഡിഎസ് എം.വി ലീജ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.