Channel 17

live

channel17 live

മത്സ്യബന്ധന മേഖലയിലെ സമഗ്രവികസനത്തിന് കേന്ദ്ര സഹായം ലഭ്യമാക്കണം – മന്ത്രി ജോർജ് കുര്യനെ നേരിൽ കണ്ട് ബെന്നി ബഹനാൻ

ന്യൂ ഡൽഹി : ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വിവിധ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനത്തിന് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് ബെന്നി ബഹനാൻ എം പി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനെ നേരിൽക്കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മത്സ്യബന്ധന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ വികസനാവശ്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്റർ ഫിഷിങ് ഹാർബറാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് കേന്ദ്ര ഫണ്ടനുവദിക്കണം. എറിയാട്, ഇടവിലങ്ങ്, എസ് എൻ പുരം, മതിലകം ഗ്രാമപഞ്ചായത്തുകളിൽ കടൽഭിത്തി നിർമ്മിക്കണമെന്നും പൊയ്യ ഗ്രാമപഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളികൾക്ക് തീരദേശ പരിപാലന നിയമം നിലനിൽക്കുന്നതിനാൽ ഭവന നിർമ്മാണം നടത്താൻ കഴിയാത്തതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് പ്രസ്തുത നിയമത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഇളവനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ഉചിതമായ പദ്ധതികൾ ആവിഷ്കരിക്കണം. തീരദേശ മേഖലയിലെ സ്‌കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, കായിക മേഖലയിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും
പെരിഞ്ഞനം പഞ്ചായത്തിലെ 105 മത്സ്യത്തൊഴിലാളികളുടെ സുനാമി കോളനിയിലുള്ള വീടുകൾ പുനർനിർമ്മിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയിൽ നിന്നും തുകയനുവദിക്കണമെന്നും എം പി മന്ത്രിയോടാവശ്യപ്പെട്ടു.
കൂടാതെ പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയിൽ നിന്നും തടിനിർമ്മിത മത്സ്യബന്ധന വള്ളങ്ങൾ സ്റ്റീൽ വള്ളങ്ങളാക്കി മാറ്റുന്നതിന് തുകയനുവദിക്കണം, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ സ്ഥിരമായി ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടൽ ഉറപ്പാക്കണം, പ്രധാന മന്ത്രി മത്സ്യ സംപാദ യോജനയിൽ നിന്നും മത്സ്യം വളർത്തൽ, സംയോജിത നെൽകൃഷി – മത്സ്യം വളർത്തൽ പദ്ധതികൾക്ക് സബ്‌സിഡിയോടുകൂടി തുകയനുവദിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
കൂടിക്കാഴ്ചയിൽ മണ്ഡലത്തിലെ മത്സ്യ ബന്ധന മേഖലയിലെ വികസനാവശ്യങ്ങൾ പരിശോധിച്ച് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം പി അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!