ആഴ്ചകളോളം വൈദ്യുതി തടസം പതിവുള്ള പുത്തൂർ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ ഗ്രാമത്തിന് ഇനി ഭയമില്ലാതെ ഉറങ്ങാം. മരോട്ടിച്ചാൽ – വല്ലൂർ ഇൻ്റർലിങ്ക് വൈദ്യുത കണക്ഷൻ ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവ്വഹിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് 57 ലക്ഷം രൂപ ചിലവഴിച്ചാണ് മരോട്ടിച്ചാൽ – വല്ലൂർ ഇൻ്റർലിങ്ക് വൈദ്യുത കണക്ഷൻ സാധ്യമാക്കിയത്.
മുൻപ് പുതുക്കാട് വരന്തരപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലായിരുന്നു പുത്തൂരിലെ വനാതിർത്തിയിലുള്ള മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന വല്ലൂർ പ്രദേശം. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ആഴ്ചകൾ സമയമെടുത്തിരുന്നു. ആനയും പുലിയും അടക്കം വന്യമൃഗങ്ങളുടെ ശല്യമുള്ള ഈ പ്രദേശത്തെ 569-ഓളം കുടുംബങ്ങൾ, വൈദ്യുതി തടസം നേരിട്ടിരുന്ന ദിവസങ്ങളിൽ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.
വല്ലൂരിലെ വൈദ്യുതി കണക്ഷനുകളുടെ നിയന്ത്രണം പുത്തൂർ ഇലക്ട്രിക് സെക്ഷൻ്റെ പരിധിയിലേക്ക് മാറ്റണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2024 മേയ് 23 ന് അനുകൂല ഉത്തരവ് ലഭ്യമാക്കി. പദ്ധതിക്കുള്ള ഫണ്ട് ഈ വർഷം തന്നെ ഉറപ്പാക്കുകയും പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കി, മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മേഖലയെ പുത്തൂർ സെക്ഷനിലേക്ക് മാറ്റുവാൻ 2.1 കിലോമീറ്റർ നീളത്തിൽ ഇൻസുലേഷൻ കേബിളാണ് വലിച്ചിരിക്കുന്നത്.
കാഞ്ഞിരമറ്റം, കള്ളായിക്കുന്ന്, വല്ലൂർകുന്ന്, വിയറ്റ്നാം കോളനി എന്നീ നാല് പ്രദേശങ്ങളിലായി നാല് ട്രാൻസ്ഫോർമറുകളും ആയിരത്തിനടുത്ത് പോസ്റ്റുകളും സ്ഥാപിച്ചാണ് പുത്തൂർ സെക്ഷൻ്റെ പരിധിയിലേക്ക് മേഖലയെ ബന്ധിപ്പിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഉത്സവാഘോഷത്തോടെയാണ് പ്രദേശ വാസികൾ സംഘടിപ്പിച്ചത്.
പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാബു, പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ് സജിത്ത്, പഞ്ചായത്തംഗങ്ങളായ എൻ ജി സനൂപ്, ആരോഷ്, ബിജു കൊട്ടച്ചൊടിയിൽ, ശ്രീനിവാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി കനിഷ്കൻ വല്ലൂർ, തൃശൂർ ഈസ്റ്റ് ഇലക്ട്രിക് ഡിവിഷൻ എക്സി. എഞ്ചിനീയർ ഇൻ ചാർജ് ജിനു കെ ജോസഫ്, പുത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ വി സ്വീറ്റി, ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിക്സൺ പി മഞ്ഞളി, തുടങ്ങിയവർ സംസാരിച്ചു.