ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.
മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് സഹപാഠികളെ ബോധ്യപ്പെടുത്തുന്നത് ഒരു കടമയായി വിദ്യാര്‍ത്ഥികള്‍ കാണണമെന്ന് മേയര്‍ എം കെ വര്‍ഗീസ്. മയക്കുമരുന്ന് ഉപയോഗം ഈ കാലഘട്ടത്തിന്റെ വിപത്തായി മാറിയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണം. കുട്ടികളുടെ പെരുമാറ്റരീതികളില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് മേനാച്ചേരി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് വളണ്ടിയര്‍മാരെ മാനസികാരോഗ്യ സന്ദേശം പ്രചരിപ്പിക്കുന്ന ‘ബി ഹാപ്പി’ ബാഡ്ജുകള്‍ ധരിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ ജമാല്‍ വൈ, സെന്റ് തോമസ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വിമല കെ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കെ എ സ്വാഗതവും ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍ പി എ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ‘യുവാക്കളും ലഹരി ഉപയോഗവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടന്നു. ജില്ലാ മാനസികാരോഗ്യ കേന്ദ്രം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ് വി സുബ്രഹ്മണ്യന്‍ സെമിനാറിന് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം, സെന്റ് തോമസ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണ പരിപാടികള്‍. ‘മാനസികാരോഗ്യം സാവര്‍വ്വത്രിക മാനുഷ്യാവകാശം’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം.