മലക്കപ്പാറയില്‍ ഇസാഫ് ബാങ്കിന്റെ നേതൃത്വത്തില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് (സിഎസ്പി) പ്രവര്‍ത്തനമാരംഭിച്ചു. അസി. കളക്ടര്‍ അതുല്‍ സാഗര്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലക്കപ്പാറ നിവാസികളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മലക്കപ്പാറയില്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റ് ആരംഭിച്ചത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റില്‍നിന്നും ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും ബില്‍ പേയ്മെന്റുകള്‍ അടയ്ക്കുന്നതിനുമുള്ള സേവനങ്ങള്‍ ലഭിക്കും.
കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ലീഡ് ബാങ്ക് തൃശ്ശൂരും സംയുക്തമായി ഫീല്‍ഡ് ലെവല്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്‍ നിര്‍വ്വഹിച്ചു. ഭാരതീയ റിസര്‍വ്വ് ബാങ്ക് തിരുവനന്തപുരം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ പ്രത്യേക പ്രഭാഷണം നടത്തി. കേരള എസ്.എല്‍.ബി.സി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജറുമായ കെ.എസ്. പ്രദീപ് ആദിവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ ഊരുമൂപ്പന്‍മാരെ ആദരിച്ചു. ആര്‍ബിഐ പ്രതിനിധികള്‍ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് വിവിധ ക്ലാസ്സുകള്‍ നയിച്ചു.
അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നടാഷ വിജയന്‍, ഇസാഫ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങിന് തൃശ്ശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ മോഹനചന്ദ്രന്‍ സ്വാഗതവും തിരുവന്തപുരം ആര്‍ബിഐ എല്‍ഡിഒ ശ്യാം സുന്ദര്‍ നന്ദിയും പറഞ്ഞു.