Channel 17

live

channel17 live

മഴക്കാലപൂർവ്വ ശുചീകരണം ഊർജ്ജിതപ്പെടുത്തും: ജില്ലാ കളക്ടർ

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. മൺസൂൺ പൂർവ്വകാല ശുചീകരണത്തിനായി ഈ വർഷം ജില്ലയിൽ നേരത്തെ തന്നെ പ്രവൃത്തികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ രീതിയിൽ ശുചീകരണ പ്രവൃത്തികളുടെ തുടർച്ചയാണ് ഇനി വേണ്ടത്. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ ഏതൊരു സാഹചര്യത്തിനും വേണ്ട മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായിരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കാനകൾ വൃത്തിയാക്കൽ, നൂറ് ശതമാനം വാതിൽപ്പടി ശേഖരണം ഉറപ്പുവരുത്തൽ, വാർഡ് ശുചിത്വ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തൽ, എൻ.സി.സി, എൻ.എസ്.എസ്, നെഹ്രു യുവ കേന്ദ്ര, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റസിഡൻസ് അസോസിയേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ, ജലാശയങ്ങൾ ശുചീകരിച്ച് മാലിന്യം നീക്കി ജലസ്രോതസ്സുകളിലേക്ക് നീരൊഴുക്ക് ഉറപ്പാക്കൽ, ഡ്രൈ ഡേ ആചരിക്കൽ, ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ശ്രദ്ധ കൊടുത്ത് പ്രവർത്തിക്കൽ തുടങ്ങിയവ നടപ്പാക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ ജില്ലക്ക് മൂന്നാം സ്ഥാനം നേടുന്നതിനായി പ്രവർത്തിച്ച എല്ലാവരേയും ചടങ്ങിൽ ജില്ലാ കളക്ടർ അഭിനന്ദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി, തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ അനൂപ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികൾ, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!