മതിലകം : കാലവർഷം നേരത്തെ എത്തുമെന്നും തീവ്ര മഴക്ക് സാധ്യത ഉണ്ട് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം മണ്ഡലത്തിലെ ജനപ്രതിനിധികളുടേയും വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും ഉന്നത യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വിളിച്ചു ചേർത്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവർത്തികളെ കുറിച്ച് തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഡ്രയിനേജ് സംവിധാനങ്ങൾ / ഓടകൾ / കൈത്തോടുകൾ / കൾവർട്ടുകൾ / കനാലുകൾ / ചാലുകൾ / പുഴകൾ / മറ്റു ജനനിർഗ്ഗമന മാർഗ്ഗങ്ങൾ എന്നിവയുടെ ശുചീകരണപ്രവൃത്തി മാലിന്യങ്ങൾ ഉറവിടത്തിൽ ശേഖരിക്കുന്നത് എന്നിവയിൽ വേണ്ടശ്രദ്ധ ഉണ്ടാവണമെന്ന് ഗ്രാമ പഞ്ചായത്തുകൾക്കും ഇറിഗേഷൻ വകുപ്പുകൾക്കും നിർദ്ദേശം നൽകി.കൂടാതെ എല്ലാഗ്രാമ പഞ്ചായത്തുകളിലും ആർ ആർ ടി വളണ്ടിയർമാരെ വിളിച്ച് കൂട്ടു വാനും ഫയർഫോഴ്സിന്റെ സഹായത്തോടെ ആവശ്യമായ പരിശീലനങ്ങൾ നൽകുവാനും തീരുമാനമായി. കൂടാതെ അപകട സാധ്യതയുള്ള മരങ്ങൾ/ മരങ്ങളുടെ ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകൾ – കെട്ടിടങ്ങൾ സജ്ജമാക്കി ഫിറ്റ്നസ് ഉറപ്പ് വരുത്തും. പെരുംതോട് വലിയ തോട്, അറപ്പതോട് തുടങ്ങിയ
ജലത്തിൻ്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കും. ദേശീയപാത – മറ്റ് റോഡുകളുടെ നിർമ്മാണം – വെള്ളക്കെട്ട് സാധ്യത യാത്രാസുരക്ഷ ഉറപ്പാക്കുന്നത് പരിഹാര പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് തലത്തിൽ സംയുക്ത യോഗം വിളിച്ച് ചേർക്കും. മതിലകം ബ്ലോക്ക് പ്രസിഡണ്ട് സി കെ ഗിരിജ സ്വാഗതം പറഞ്ഞ യോഗത്തിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ നിഷ അജിതൻ, എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി കെ ചന്ദ്രബാബു, മതിലകം ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഫ്സഗഫൂർ,എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരുചാലിൽ പിരിഞ്ഞനം ഹെൽത്ത് കമ്മ്യൂണിറ്റി സെന്റർ സൂപ്രണ്ട് ഡോക്ടർ സാനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങി നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.
മഴക്കാലമുന്നൊരുക്കം കയ്പമംഗലത്ത് ഉന്നത യോഗം വിളിച്ചു ചേർത്തു
