മാരേക്കാട് പാലവും റോഡും
മാളഃ മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാനായി ചെറുവിരല്‍ പോലും അനക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. ഇതുമൂലം നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരുപ്പിനൊടുവില്‍ ആറ് വര്‍ഷം മുന്‍പാണ് മാരേക്കാട് പാലവും റോഡും യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് പാലവും പാടശേഖരത്തിലൂടെ റോഡും യാഥാര്‍ത്ഥ്യമായെങ്കിലും ഇത് വഴി ആരംഭിച്ച ബസ് സര്‍വ്വീസ് വൈകാതെ ഓട്ടം നിര്‍ത്തി. പിന്നീട് ഭരണം മാറിയ ശേഷം ഇപ്പോഴത്തെ എം എല്‍ എ വി ആര് സുനില്‍കുമാറും രണ്ടുവട്ടം എം എല്‍ എ ആയിട്ടും മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ശക്തമാണ്. മാള ടൗണില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള മാരേക്കാട് വഴി ബസ് സര്‍വ്വീസ് ഒന്നും തന്നെയില്ല. അഷ്ടമിച്ചിറ, പുത്തന്‍ചിറ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്രക്കാർക്ക് എത്തണമെങ്കില്‍ സ്വന്തമായി വാഹനം വേണം. അല്ലെങ്കില്‍ വാഹനം വാടകക്ക് വിളിക്കണം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് മുന്‍കൈയെടുത്ത് മാരേക്കാട് കടവിലേക്ക് മാള ഡിപ്പോയിൽ നിന്നും കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. പതിറ്റാണ്ടുകള്‍ സര്‍വ്വീസ് നടത്തിയ ബസ് റോഡ് ശോച്യാവസ്ഥയിലായതോടെ ഓട്ടം നിര്‍ത്തുകയായിരുന്നു. 19 വർഷത്തോളം മുൻപ് ബസ്സ് നിർത്തിയതിന് ശേഷം പിന്നീട് ഇന്നു വരെ ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ ജനപ്രതിനിധികള്ക്കാര്ക്കും സാധിച്ചിട്ടില്ല. കൊടുങ്ങല്ലൂർ നിന്നും ഇരിങ്ങാലക്കുട നിന്നും ചാലക്കുടിയിലേക്ക് കെ എസ് ആർ ടി സി ബസ്സോടിച്ചാൽ യാത്രക്കാർക്കും കോർപ്പറേഷനും ഒരുപോലെ മെച്ചമായിരിക്കും. എളുപ്പ വഴിയായതിനാൽ സർവ്വീസുകൾ തുടങ്ങിഏറെക്കഴിയും മുൻപേ ലാഭകരമാകും. ബസ്സ് നിർത്തലാക്കിയതോടെ തുടങ്ങിയ ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. വീടുകളിലേക്കും മറ്റും ആവശ്യമായ വിവിധ വസ്തുക്കൾ വാങ്ങുന്നതിന് അഷ്ടമിച്ചിറയിലോ മാളയിലോ ചാലക്കുടിയിലോ എത്തണം. ഇതിനായി ഓട്ടോറിക്ഷയോ മറ്റോ വാടകക്ക് വിളിച്ച് അഷ്ടമിച്ചിറയിലെത്തണം. സാധനങ്ങൾ വാങ്ങിയ ശേഷവും വണ്ടി വാടകക്ക് വിളിക്കണം. മാരേക്കാട് കടവിൽ നിന്നും അഷ്ടമിച്ചിറ ഉരുണ്ടോളിയിലേക്ക് 100 രൂപയിലേറെയാണ് ഓട്ടോറിക്ഷയുടെ വാടക. തിരികെയും ഇത്രയും രൂപ ചെലവഴിക്കണം. സാധാരണക്കാരായവർക്ക് താങ്ങാനാകാത്തതാണിത്. പനി വന്നാൽ പോലും ഇത്രയെങ്കിലും തുക ചെലവഴിച്ച് അഷ്ടമിച്ചിറയിലെത്തണം. സ്കൂൾ കുട്ടികളുടെ കാര്യവും വളരെയേറെ കഷ്ടതരമാണ്. കിലോമീറ്ററുകളോളം നടന്നാലേ വിദ്യാലയങ്ങളിലെത്താനാകൂ. പിഞ്ചുകുട്ടികളെ രക്ഷിതാക്കളാരെങ്കിലും കൊണ്ടുചെന്നാക്കണം.
ജീവിതത്തിലെ ഏത് ഏത് കാര്യമെടുത്താലും ദുരിതത്തിൻ്റെ കഥ പറയാനേ മാരേക്കാട്ടുകാർക്കാകൂ. പാടശേഖരത്തിനപ്പുറം കുന്നത്തേരിയുടെ ഇങ്ങേയറ്റത്തുള്ളവർക്കും സമാനമായ അവസ്ഥയാണ്. മാള ഗ്രാമപഞ്ചായത്തിലെ അഷ്ടമിച്ചിറ മാരേക്കാടിനെ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയുമായി ബന്ധപ്പെടുന്ന തരത്തിലാണ് പാലവും റോഡും നിര്‍മ്മിച്ചത്. ഇതോടെ കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നീ പട്ടണങ്ങളിലേക്കുള്ള ദൂരം കുറഞ്ഞ വഴിയാണ് തുറക്കപ്പെട്ടത്. പുത്തന്‍ചിറ എല്‍ പി സ്കൂള്‍, വെള്ളൂര്‍ എല്‍ പി സ്കൂള്‍, വെള്ളൂര്‍ ഹൈസ്കൂള്‍, മങ്കിടി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പുത്തന്‍ചിറ ഈസ്റ്റ് എല്‍ പി സ്കൂള്‍, പുത്തന്‍ചിറ ഈസ്റ്റ് യു പി, അഷ്ടമിച്ചിറ എല്‍ പി, അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂള്‍ തുടങ്ങിയ സ്കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ മറ്റ് മാര്‍ഗ്ഗം തേടുകയാണ്. പുത്തന്‍ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും വില്ലേജ്, പഞ്ചായത്ത്, രജിസ്ട്രാര്‍ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷന്, കൃഷി ഭവന് എന്നിവയിലേക്കും മറ്റ് മാര്‍ഗ്ഗങ്ങള്‍ തന്നെ ശരണം. സ്ഥലം എം എൽ എ ഇക്കാര്യത്തിൽ ഇടപെട്ട് ഏറെ വൈകാതെ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരിലുള്ള ആവശ്യം.