Channel 17

live

channel17 live

മാലിന്യമുക്തം നവകേരളം; കെഎസ്ആർടിസി ഡിപ്പോകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ഹരിത കെഎസ്ആർടിസി ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. കെഎസ്ആർടിസി ബസ്സുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിർത്തുന്നതിനും സൗന്ദര്യവൽക്കരണം നടപ്പിലാക്കി യാത്രക്കാർക്ക് ആരോഗ്യകരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഘട്ടം ഘട്ടമായി എല്ലാ കെഎസ്ആർടിസി ഡിപ്പോകളും സമ്പൂർണ്ണ മാലിന്യമുക്തമാക്കിക്കൊണ്ട് ഹരിത കെഎസ്ആർടിസി ഡിപ്പോകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശുചീകരണത്തിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ നിർവ്വഹിച്ചു. ബസ് സ്റ്റാന്റും പരിസരവും കോർപ്പറേഷൻ തൊഴിലാളികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. മാലിന്യ കൂനകളിലെ മാലിന്യങ്ങൾ കോർപ്പറേഷൻ തൊഴിലാളികൾ നീക്കം ചെയ്യുകയും മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് മിനി എംസിഎഫ് സ്ഥാപിച്ചുകൊണ്ട് ഓരോ പാഴ്‌വസ്തുക്കളും കൃത്യമായി തരംതിരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അജൈവ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കായി കോർപ്പറേഷനിലേക്ക് പ്രൊപ്പോസൽ നൽകുന്നതിനും അതിനുള്ള തുക ശുചിത്വ മിഷനിൽ നിന്നും വകയിരുത്തുന്നതിന് മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചുവരുന്നു. ജില്ലയിലെ 7 കെഎസ്ആർടിസി ഡിപ്പോകളും ഹരിത ഡിപ്പോകൾ ആക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ സുസ്ഥിര ശുചിത്വ സമഗ്ര കെഎസ്ആർടിസി ഡിപ്പോയായി ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ് നിർവ്വഹിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭയിൽ ബൈ ഇലക്ഷൻ നടക്കുന്നതിനാൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരണം ഡിസംബർ 10 ന് ശേഷം നടത്തുവാൻ തീരുമാനിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഇരിങ്ങാലക്കുട ഡിപ്പോ ശുചീകരണ കർമ്മം ഉദ്ഘാടനം നിർവ്വഹിച്ചു. പൊയ്യ കെഎസ്ആർടിസി ഡിപ്പോ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട്, ചാലക്കുടി കെഎസ്ആർടിസി ഡിപ്പോകൾ വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!