Channel 17

live

channel17 live

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ജില്ലയില്‍ ഉജ്ജ്വലമായ തുടക്കം

ഒക്ടോബര്‍ 2 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജില്ലയില്‍ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷന്‍ ഹരിത പദവി നല്‍കിയ 469 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും പീച്ചി ഡാം, അഴീക്കോട് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് എന്നീ രണ്ട് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്നും തുക വിനിയോഗിച്ചുകൊണ്ട് 54 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി സ്ഥാപിച്ചിട്ടുള്ള ജലഗുണനിലവാര പരിശോധന ലാബുകളിലേക്കുള്ള രണ്ടാംഘട്ട കിറ്റുകളുടെ വിതരണോദ്ഘാടനം വിദ്യാകിരണം കോര്‍ഡിനേറ്റര്‍ക്ക് കൈമാറിക്കൊണ്ട് മന്ത്രി നിര്‍വ്വഹിച്ചു.

മാലിന്യമുക്തം നവകേരളത്തിനായി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ മാത്രം ഉത്തരവാദിത്വമായി മാലിന്യമുക്തം നവകേരളം എന്ന ആശയം മാറരുതെന്നും മറിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ഈ ക്യാമ്പയിന്‍ വലിയ വിജയമാക്കി പൂര്‍ത്തീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെടാവുന്ന ഒന്നായി മാറണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റ് സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ച കേരള സംസ്ഥാനം ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായി നേരിടുന്നത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലാണ്. നാം ഓരോ ദിവസവും നേരിടുന്നത് അതിരൂക്ഷമായ പരിസ്ഥിതി മാലിന്യ പ്രശ്‌നങ്ങളാണ്. ഈ പരിസ്ഥിതി മാലിന്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ജനങ്ങളുടെ പരിപൂര്‍ണ്ണമായിട്ടുള്ള സഹകരണവും പ്രവര്‍ത്തനങ്ങളും ഉണ്ടായേപറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പുതുക്കാട് നിയോജകമണ്ഡലം എംഎല്‍എ കെ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എ ഷെഫീഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീദേവി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജനീഷ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ അടക്കം 600 ല്‍പരം ആളുകള്‍ പങ്കെടുത്തു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിവിധങ്ങളായ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നൂറ്റിപ്പത്തോളം മാതൃകാ പദ്ധതികളാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം, പാണഞ്ചേരിയില്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനോദ്ഘാടനം, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളുടെ ഹരിത സ്ഥാപന പ്രഖ്യാപനം, പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ദേശീയപാത പരിസരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജൈവവേലി സ്ഥാപിക്കല്‍, ചാലക്കുടി മുന്‍സിപ്പാലിറ്റിയില്‍ റിസോര്‍സ് റിക്കവറി സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം, മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ അഞ്ചേക്കര്‍ തരിശുഭൂമി നെല്‍കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടന പ്രവര്‍ത്തനവും ജില്ലയില്‍ സംഘടിപ്പിച്ചു.

ജില്ലയിലെ പ്രധാനപ്പെട്ട ടൗണ്‍കളിലും കവലകളിലും തോടുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതുകൂടാതെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ശുചീകരണ റാലികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു. അതോടൊപ്പം തന്നെ 95 ശതമാനം വാര്‍ഡ്തല നിര്‍വഹണസമിതി രൂപീകരിച്ചു കൊണ്ട് പൊതുയിടങ്ങളും ജലാശയങ്ങളും ശുചീകരിച്ചുകൊണ്ടുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ ജനകീയ ക്യാമ്പിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടിയാണ് ജില്ലയിലെ വാര്‍ഡ്തലം വരെയുള്ള ഉദ്ഘാടനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും ജില്ലാ കളക്ടര്‍ കണ്‍വീനറുമായിട്ടുള്ള ജില്ലാ നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ വരുന്ന ആറുമാസ കാലയളവിനുള്ളില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ശുചിത്വമിഷന്‍ വിവിധ വകുപ്പുകളെയും മറ്റ് ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ട് ചിട്ടയായ കര്‍മ്മപരിപാടി തയ്യാറാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ 2025 മാര്‍ച്ച് 30 ആകുമ്പോഴേക്കും സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുന്ന സംസ്ഥാനമാക്കുക എന്നതാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ പൊതുവായ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനായി ബഹുജന പങ്കാളിത്തത്തോടുകൂടി നിരവധി കര്‍മ്മപരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!