മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും വിവിധ മിഷനുകളിലെയും വകുപ്പുകളിലെയും റിസോഴ്സ്പേഴ്സൺമാർക്കും കോഡിനേറ്റർമാർക്കും ഉള്ള ശില്പശാല ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ തദ്ദേശസ്വയംഭരണം വകുപ്പ് ജോയിന്റ് ഡയറക്ടർ പി എം ഷെഫീഖ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, മാലിന്യമുക്ത നവകേരളം കോഡിനേറ്റർ കെ ബി ബാബുകുമാർ, അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.
തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ തീമാറ്റിക് സെഷനുകളിലുള്ള ഗ്രൂപ്പ് ചർച്ച നടന്നു. ജൈവ മാലിന്യം, അജൈവ മാലിന്യം, ഹരിത കർമ്മസേന, ബൽക്ക് വേസ്റ്റ് ജനറേറ്റർ, എൻഫോഴ്സ്മെന്റ്, ഐ ഇ സി ക്യാമ്പയിൻ തുടങ്ങിയ വിഷയങ്ങളിൽ ഗ്രൂപ്പ് ലീഡർമാർ അവതരണം നടത്തി. ശേഷം ബ്ലോക്ക് തലത്തിൽ ചെയ്യേണ്ട രൂപരേഖ തയ്യാറാക്കി.
ജൈവമാലിന്യം സംസ്കരണവുമായി ബന്ധപ്പെട്ട് പുതിയ ആസ്തികൾ സൃഷ്ടിക്കുക, അതിൽ നേരിടുന്ന വെല്ലുവിളികൾ നേരിടുക, അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കേണ്ട ആസ്തികൾ, ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ 100 ശതമാനം എത്തിക്കാൻ വേണ്ട കാര്യങ്ങൾ നടപ്പാക്കുക, ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ പാലിക്കേണ്ട കാര്യങ്ങൾ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ പൂർണ സഹകരണം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, എൻഫോഴ്മെന്റ് സംവിധാനം ശക്തിപ്പെടുത്തി നിരോധിത ഉത്പ്പന്നങ്ങളുടെ വിൽപ്പന പൂർണമായും ഇല്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. രണ്ടാം ദിവസമായ ഇന്ന് (ജൂലൈ നാല്) ബ്ലോക്ക്തലത്തിൽ ചെയ്യേണ്ട കർമ്മ പദ്ധതി തയ്യാറക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് അധ്യക്ഷനാകും.