അന്താരാഷ്ട്ര സീറോ വെയ്സ്റ്റ് ദിനമായ മാര്‍ച്ച് 30 ന് നടക്കുന്ന മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന് റാലി ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന് ലക്ഷ്യമിട്ടാണ് റാലി നടത്തിയത്. പ്രധാന കേന്ദ്രങ്ങളില്‍ പൂന്തോട്ടം വെച്ചുപിടിപ്പിക്കുകയും തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി വരുന്നു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ ആമിന അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി രഹന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.എ അയ്യൂബ്, വാര്‍ഡ് മെമ്പര്‍മാരായ രമ്യ പ്രദീപ്, പി.എ ഇബ്രാഹിംകുട്ടി, ജിബി മോള്, സിഡിഎസ് മെമ്പര്‍മാരായ ജാസ്മിന്, രാജി സുനില്‍, നളിനി, ജൂനിയര്‍ സൂപ്രണ്ട് പി.എസ് രതീഷ്, കമ്യൂണിറ്റി കൗണ്‍സിലര്‍ അക്ഷയ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും എംഎആര്എം ഹയര്‍ സെക്കന്ററി വിദ്യാലയം വരെ നടത്തിയ റാലിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.