മാലിന്യ സംസ്‌കരണത്തിന്റെ ശരിയായ മാതൃകകള്‍ പഠിപ്പിക്കുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കാക്കശ്ശേരി ഗവ. എല്‍.പി.സ്‌കൂളില്‍ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. അജൈവ മാലിന്യങ്ങളായ പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, മില്‍ക്ക് കവര്‍, പ്ലാസ്റ്റിക് കവര്‍, കടലാസ് എന്നിവ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രത്യേകം കൂടുകള്‍ ഒരുക്കും.
ആദ്യഘട്ടത്തില്‍ ചിറ്റാട്ടുകര സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, എളവള്ളി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, വാക മാലതി യു.പി. സ്‌കൂള്‍, പൂവത്തൂര്‍ സെന്റ്. ആന്റണീസ് യു.പി.സ്‌കൂള്‍, പറയ്ക്കാട് എയ്ഡഡ് എല്‍.പി.സ്‌കൂള്‍, കാക്കശ്ശേരി ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ സംസ്‌കരണത്തിന്റെ ശരിയായ ബോധം സ്‌കൂള്‍തലം മുതല്‍ പരിശീലിപ്പിച്ച് മാലിന്യമുക്ത കേരളത്തിനായി പുതുതലമുറയെ സൃഷ്ടിക്കുകയാണ് കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയിലൂടെ.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷയായി. എളവള്ളി ഗ്രാമപഞ്ചായത്ത് അംഗം രാജി മണികണ്ഠന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. പ്രകാശ്, പ്രധാന അധ്യാപകന്‍ കെ. സജീന്ദ്രമോഹന്‍, പ്രിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.