വയനാടിനെ ദുരന്തഭൂമിയാക്കിക്കൊണ്ട് ഇരമ്പിയെത്തിയ പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞ മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ സഹോദരങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മ അടിയന്തിര സഹായമായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജീവനക്കാർക്ക് വേണ്ടി ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.എം. ഷഫീക്ക് തുക ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യന് കൈമാറി.
കളക്ടറേറ്റിൽ ആരംഭിച്ചിരുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് സാധനങ്ങൾ വാങ്ങി നൽകുവാനാണ് ജീവനക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ സാധനസാമഗ്രികൾ അധികമായി എത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറുന്നതിന് തീരുമാനിച്ചത്.
ജീവനക്കാരുടെ കൂട്ടായ്മയായ ‘ലയ’ ത്തിൻ്റെ ആഭിമുഖ്യത്തിലാണ് തുക കൈമാറിയത്. ജില്ലയിലെ മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ്, എൽ.എം സെക്രട്ടറി ടി.എസ് ശ്രീജാകുമാരി, സൂപ്രണ്ടുമാരായ ജയകൃഷ്ണൻ, ജിനീഷ് ഉദ്യോഗസ്ഥരായ നൈന കെ. സുകുമാരൻ, സജിനി,കെ.എ. നൈജോ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുദിവസത്തെ ശമ്പളം കൂടി നൽകുമെന്നും ജീവനക്കാർ അറിയിച്ചു.