2021 ഓഗസ്റ്റ് 12-ന് കഞ്ചാവ് അനധികൃതമായി കടത്തിയ കേസിൽ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശിയും ഇപ്പോള്‍ ആളൂർ വെള്ളാംചിറയില്‍ താമസിക്കുന്ന രാജേഷ് (44 വയസ്സ് ) , ചാലക്കുടി കിഴക്കേ പോട്ട അറക്കൽ മാളക്കാരൻ വീട്ടിൽ രഞ്ജു (43 വയസ്സ്) എന്നിവരെ കുറ്റക്കാരെന്നു IVth തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയെ വെറുതെ വിട്ടു. 2021 ഓഗസ്റ്റ് 12-ന് രാജേഷ് ഡ്രൈവർ ആയും രഞ്ജു സഹായിയായും വിൽപനയ്ക്കായി 20.845 കിലോഗ്രാം കഞ്ചാവ് മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാഹനത്തിൽ അനധികൃതമായി കൊണ്ടുപോകുന്നതിനിടെ, കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുരിങ്ങൂർ ദേശീയപാതയുടെ സർവീസ് റോഡിൽ വെച്ച് പ്രതികളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ വശത്ത് 6 തൊണ്ടിമുതലുകളും, 67 രേഖകളും ഹാജരാക്കിയതോടൊപ്പം, 25 സാക്ഷികളെ വിസ്തരിച്ചു. കേസ് രജിസ്റ്റർ ചെയ്തത് അന്നത്തെ കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷാജു എടത്താടൻ ആണ്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന അരുൺ ബി കെ, സബ് ഇൻസ്‌പെക്ടർമാരായ സെബി , പ്രദീപ്, എ എസ് ഐ രഞ്ജിത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, സജി, ജിബിൻ, സുബീഷ് , നിതീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടികൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനോജ് ഗോപി ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ്, NDPS സ്പെഷ്യൽ പ്രോസിക്യൂട്ടർ ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.