മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് അഞ്ച് ദിവസത്തെ ഞാറ്റുവേല മഹോത്സവം നടക്കുന്നത്. നടീൽ വസ്തുക്കൾ, വിത്തുകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഗാർഡനിങ് ഉൽപ്പന്നങ്ങൾ, തുടങ്ങിയവ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പാചക രംഗത്തെ നൂതന പ്രവണതകൾ, പുതിയ കാർഷിക രീതികൾ, വളപ്രയോഗം എന്നിവ സംബന്ധിച്ച സെമിനാറുകളും പഞ്ചായത്തിന്റെ പുതിയ പദ്ധതികളായ മൈഡിഷ് മൈപ്ലേയിറ്റ്, ചോരയ്ക്ക് ചീര, ജാതി കർഷകർക്കൊരു കൈത്താങ്ങ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഞാറു നടീൽ മത്സരം, ഓലമെടയൽ മത്സരം , ഓലപ്പന്ത് നിർമ്മാണ മത്സരം, മഴനടത്തം, തുടങ്ങിയവയും ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
മുരിയാട് പഞ്ചായത്തിലെ കരിന്തലക്കൂട്ടത്തിൻ്റെ പ്രവർത്തകരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെയും ഉദ്ഘാടന ചടങ്ങിൽ വച്ച് ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ, ഇരിങ്ങാലക്കുട ബ്ലോക്ക് എ ഡി എ എസ് മിനി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊലകലത്ത്, എ.എസ് സുനിൽകുമാർ, നിജി വത്സൻ, കെ. വൃന്ദ കുമാരി, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, ജിനി സതീശൻ, സി ഡി എസ് ചെയർ പേഴ്സൻ സുനിത രവി, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ.എ. മനോഹരൻ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ വി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി ഓഫീസർ ഡോ. അഞ്ജു പി. രാജ്, സ്വാഗതവും അസി സെക്രട്ടറി ജോഷി കെ.ബി നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.