Channel 17

live

channel17 live

മെഗാ തൊഴില്‍ മേള;രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

വിജ്ഞാന കേരളം ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് (ഏപ്രില്‍ 25) അവസാനിക്കും. ഡി ഡബ്ല്യു എം എസ് പോര്‍ട്ടല്‍ വഴി 17,820 ഉദ്യോഗാര്‍ത്ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്ത് വിവിധ തൊഴിലുകള്‍ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏപ്രില്‍ 26 ലെ മെഗാ ജോബ് ഫെയറിന് മുന്നോടിയായി ഏപ്രില്‍ 21 മുതല്‍ 25 വരെ നടത്തിയ പരിശീലന പരിപാടിയില്‍ 5,230 ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതിന് ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ജോബ് സ്റ്റേഷനുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കും.

വിജ്ഞാന തൃശ്ശൂരിലൂടെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കില്‍ ഗ്യാപ്പ് നികത്തി അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍. 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിലൂടെ നടപ്പാക്കുന്നത്. അതിനായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് വിജ്ഞാന തൃശ്ശൂര്‍ തൊഴില്‍ പൂരമായി യാഥാര്‍ത്ഥ്യമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയതായി ആരംഭിച്ച നാല് വര്‍ഷ ബിരുദത്തില്‍ സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് അനുവദിച്ച് സിലബസില്‍ ഉള്‍പ്പെടുത്തിയും സംസ്ഥാനത്തുടനീളം ജോബ് സെന്ററുകള്‍ക്ക് തുടക്കം കുറിച്ചു. പ്രാദേശികമായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിച്ചും സംരംഭക പദ്ധതികള്‍ ആവിഷ്‌കരിച്ചും കൂടുതല്‍ തൊഴിലവസരങ്ങളും അതിനുതകുന്ന വിദ്യാഭ്യാസവും സര്‍ക്കാര്‍ സൃഷ്ടിച്ചു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തര്‍ക്കും പ്രാപ്യമാക്കുകയാണ് വിജ്ഞാന കേരളത്തിലൂടെ. തൊഴിലവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാന്‍ വിജ്ഞാന തൃശ്ശൂര്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കികഴിഞ്ഞു. 132 കമ്പനികളുടെ 455 തരം ജോലികളിലായി 35,000 തൊഴിലവസരങ്ങള്‍ വിജ്ഞാന തൃശ്ശൂരിനായി സജ്ജമാണ്. തൊഴില്‍ പൂരം മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജും വിമല കോളേജും ഒരുങ്ങികഴിഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!