Channel 17

live

channel17 live

മെഡിക്കൽ കോളേജിൽ 25.5 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ഭരണാനുമതി

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾക്ക് ആരോഗ്യ വകുപ്പിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25.5 കോടി രൂപ അനുവദിച്ചു.

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾക്ക് ആരോഗ്യ വകുപ്പിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25.5 കോടി രൂപ അനുവദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ചികിത്സയും കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നതിന് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി മുന്നോട്ടുപോകുന്നത്.

തൃശൂർ മെഡിക്കൽ കോളേജിൽ ഭിന്നശേഷി – വയോജന സൗഹൃദ ആശുപത്രി അന്തരീക്ഷം ഉറപ്പാക്കുന്നതിനായി 2 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഭിന്നശേഷിയുള്ളവർ ആശ്രയിക്കുന്ന കൃത്രിമ കാൽ നിർമാണ കേന്ദ്രമായ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന് (എ എൽ എഫ് സി) മുകളിൽ രണ്ടു നിലകൾ കൂടി നിർമ്മിക്കാനായി ഈ തുക വിനിയോഗിക്കുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകി. പ്രമേഹരോഗികൾക്ക് കാലുകൾക്ക് സംരക്ഷണം നൽകുന്ന പ്രത്യേക പാദരക്ഷകൾ, പക്ഷാഘാതം ബാധിച്ച് തളർന്നു പോയ രോഗികളെ തിരികെനടക്കാൻ സഹായിക്കുന്ന അത്യാധുനിക സ്ട്രോക്ക് /ന്യൂറോ റിഹാബിലിറ്റേഷൻ യൂണിറ്റ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി.

അതിനൂതന റേഡിയോളജി പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. മുൻ ആലത്തൂർ എംപി പി കെ ബിജുവിന്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഡിജിറ്റൽ റേഡിയോഗ്രാഫി ഉപയോഗപ്പെടുത്തിയാണ് നാളിതുവരെ ബഹുഭൂരിപക്ഷം എക്സ് റേ പരിശോധനകളും പൂർത്തിയാക്കിയിരുന്നത്. ഇതിന് പുറമെയാണ് അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. ഒ പി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിലാകും ഇത് സ്ഥാപിക്കുക.

ശ്വാസനാളത്തിലൂടെ ബ്രോങ്കോസ്കോപ് അൾട്രാ സൗണ്ട് സ്കാനിംഗ് സൗകര്യവും തൃശ്ശൂർ മെഡിക്കൽ കോളേജിന് ലഭിക്കും. ഇതിനായി എൻഡോബ്രോങ്കിയൽ അൾട്രാ സൗണ്ട് വാങ്ങുന്നതിന് ഒരു കോടി പത്തു ലക്ഷം രൂപയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് മുഖേന ഇത് ലഭ്യമാക്കും.

മെഡിക്കൽ കോളേജിലെ ഫയർ സേഫ്റ്റി ഉറപ്പ് വരുത്തുന്നതിനായി 1.5 കോടി രൂപയുടെ ഭരണാനുമതിയും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ആശുപത്രി കെട്ടിടത്തിൽ ഫയർ സേഫ്റ്റി ഓഡിറ്റ് അനുസരിച്ച് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് തുക വിനിയോഗിക്കാനാകും.

രക്തബാങ്കിൽ രക്തത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് 43.23 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിച്ച് ഉത്തരവായിട്ടുണ്ട്. വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി പ്ലാൻ ഫണ്ടിൽ നിന്നും 5 കോടി രൂപ, ലാബ് റീ ഏജൻ്റ്, കൺസ്യൂമബിൾസ് മുതലായവയ്ക്ക് 3.82 കോടി രൂപ, മറ്റ് ഇനങ്ങളിൽ 4.98കോടി രൂപ, മൈനർ വർക്ക് പ്ലാനിൽ 3.02 കോടി രൂപ എന്നിങ്ങനെയും ഭരണാനുമതി ലഭിച്ചു. മാലിന്യസംസ്കരണത്തിന് വേണ്ടി 1.75 കോടി രൂപയും മെഡിക്കൽ കോളേജിന് ലഭിക്കും.

ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവുകൾ ഇറക്കിയത്. ആകെ 25.5 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. മധ്യകേരളത്തിലെ പ്രധാന മെഡിക്കൽ കോളേജിന്റെ വികസനത്തിലൂടെ ആധുനിക ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനായി സമഗ്രമായ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. എല്ലാ പദ്ധതികളുടെയും നിർവ്വഹണം സമയബന്ധിതമായി പൂർത്തീകരിച്ച് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!