കാർഷിക സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പരിച്ഛേദം ഒരുക്കിയാണ് ഇത്തവണ കൃഷി വകുപ്പ് എന്റെ കേരളം പ്രദർശന വിപണനമേളയിൽ ശ്രദ്ധേയമാകുന്നത്. തീം പവലിയൻ, വിൽപ്പന സ്റ്റാൾ എന്നീ രണ്ടു തരത്തിലാണ് കൃഷിവകുപ്പിന്റെ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്കായി അനാവരണം ചെയ്യുന്നത്. ഡ്രോൺ സംവിധാനങ്ങളെ കാർഷികരംഗത്ത് എങ്ങനെ, ഏത് രീതിയിൽ പ്രയോജനപ്പെടുത്താമെന്ന് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം ഡ്രോണുകളുടെ പ്രവർത്തനം അടുത്തറിയുവാൻ ലൈവ് പ്രദർശനവും തീം പവലിയനിൽ ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന കതിർ ആപ്പ് രജിസ്ട്രേഷൻ, ഹെല്പ് ഡെസ്ക്ക്, കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും പവലിയനിൽ ലഭ്യമാണ്.
ശ്രദ്ധ ആകർഷിച്ച് പ്രദർശന മേളയിലെ പ്ലാന്റ് ഹെൽത്ത് ക്ലിനിക്
കൃഷിത്തോട്ടങ്ങളിലും പൂന്തോട്ടങ്ങളിലും ചീച്ചലോ രോഗങ്ങളോ ഉണ്ടോ? ഉണ്ടെങ്കിൽ എന്റെ കേരളം പ്രദർശന, വിപണന മേളയിൽ അതിനൊരു പ്രതിവിധി കൃഷിവകുപ്പ് ഒരുക്കിയിട്ടുണ്ട്. കീടബാധയുള്ള വിളകളുടെ ഭാഗങ്ങൾ മേളയിൽ എത്തിച്ചാൽ പരിശോധിച്ച് ഉടനടി രോഗബാധിത ഏതാണെന്നും അതിന് സ്വീകരിക്കേണ്ട നടപടികൾ എന്താണെന്നും ക്ലിനിക്കിൽ നിന്ന് ലഭ്യമാകും. സൂം സ്റ്റീരിയോ മൈക്രോസ്കോപ്പ്, പി സി മീറ്റർ, പി എച്ച് മീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. 12 കീടരോഗങ്ങളുടെ സാമ്പിൾ പ്രദർശനവും ശ്രദ്ധേയമാണ്. ചെടികൾക്ക് പുറമെ മണ്ണ് പരിശോധനയും ഇവിടെ ലഭ്യമാണ് അരക്കിലോ മണ്ണാണ് പരിശോധനയ്ക്കായി കൊണ്ടുവരേണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കും.
കേരള ഗ്രോ ഉൽപ്പന്നങ്ങൾക്ക് മേളയിൽ പ്രിയമേറെ
സംസ്ഥാനത്തെ പല ജില്ലകളിലായി നിർമ്മിച്ച ഓർഗാനിക് ഉൽപ്പന്നങ്ങളായ ബ്ലാക്ക് പെപ്പർ, റോസ്റ്റഡ് കോഫി ബീൻസ്, കുടംപുളി, കാട്ടുതേൻ, മഷ്റൂം കോഫി, ഗ്രീൻ ചില്ലി പൗഡർ, മസാലക്കൂട്ടുകൾ, ചിപ്സുകൾ, ഉൾപ്പെടെ നിരവധിയായ കേരള ഗ്രോ ഉൽപ്പന്നങ്ങൾക്ക് മേളയിൽ ആവശ്യക്കാർ അനവധിയാണ്. അതിരപ്പിള്ളി ട്രൈബൽ വാലിയിൽ നിന്ന് 18 ഉൽപ്പന്നങ്ങൾ മേളയിൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നുണ്ട്. 560 ഉൽപ്പന്നങ്ങളാണ് കേരള ഗ്രോയുടെ കീഴിലുള്ളത് അതിൽ 92 എണ്ണം തൃശ്ശൂർ ജില്ലയിൽ നിന്നാണ്. ഇവ വാങ്ങുവാനും വിശദവിവരങ്ങൾ അറിയുവാനും മേളയിൽ അവസരമുണ്ട്.
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം അടുത്തറിയാം
കാർഷിക രംഗത്തെ ആയാസകരമാക്കുവാൻവേണ്ട യന്ത്രവൽകൃത കൃഷി രീതിയെ അടുത്തറിയാൻ കൃഷിവകുപ്പ് കർഷകർക്കായി അവസരം നൽകുന്നു. എന്റെ കേരളം പ്രദർശനം മേളയിൽ നിലവിൽ കാർഷിക രംഗത്ത് ഉപയോഗിക്കുന്ന യന്ത്രങ്ങളായ ട്രാക്ടർ, പവർ ട്രില്ലർ, സ്പ്രയർ, പവർ വീഡർ, കോക്കനട്ട് ക്ലൈമ്പർ, ചാഫ് കട്ടർ,ബ്രഷ് കട്ടര്‍,പോട്ടബിൾ പമ്പ് സെറ്റ്, ജാതി അടക്ക എന്നിവ ഉണക്കുന്നതിനുള്ള ഡ്രൈയർ, തുടങ്ങിയ കർഷകർക്ക് സബ്സിഡിയിൽ നൽകുന്ന യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുവാനും, സംശയനിവാരണത്തിനും സ്റ്റാളിൽ അവസരമുണ്ട്.
കൂടാതെ കൃഷിയിടങ്ങളിലെ ജലസേചന മാർഗ്ഗങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലർ, ഫോഗർ എന്നിവയുടെ ഡെമോയും സ്റ്റാളിലുണ്ട്.
മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ തിരി നന യൂണിറ്റ് സിസ്റ്റം
ജനപ്രീതിയുള്ള മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ തിരി നന യൂണിറ്റ് സിസ്റ്റം എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ പരിചയപ്പെടുത്തുകയാണ് കൃഷിവകുപ്പ്. വിക്ക് ഇറിഗേഷൻ എന്നറിയപ്പെടുന്ന തിരി നന യൂണിറ്റ് സബ്സിഡിയിൽ കൃഷിഭവനുകൾ വഴി ലഭിക്കും. വെള്ളത്തിന്റെ ഉപയോഗം കുറവുള്ള തിരിനന സിസ്റ്റം കൃഷിവകുപ്പിന്റെ ആകർഷണങ്ങളിൽ ഒന്നാണ്.
ഫാം ഉൽപ്പന്നങ്ങൾ ഇവിടെ കിട്ടും
ജില്ലയിലെ ഒൻപത് ഫാമുകളിൽ നിന്നായി ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലയറിങ്, എന്നിവ നടത്തിയിട്ടുള്ള മാവ്, പ്ലാവ്, സപ്പോട്ട,ചാമ്പ, പേര തുടങ്ങിയ ഫല വൃക്ഷ തൈകൾ, എട്ടുതരം പച്ചക്കറി വിത്തുകൾ, വിവിധയിനം തെങ്ങിൻതൈകൾ, അലങ്കാര ചെടികൾ, ഓർക്കിഡുകൾ, ജൈവവളം, ഫാം ഉൽപ്പന്നങ്ങളായ ചക്ക, മാങ്ങ, റാഗി, എള്ള്, മഞ്ഞൾപ്പൊടി, തേൻ എന്നിവയ്ക്ക് പുറമേ കർഷകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ നേരിട്ട് വേടിക്കുവാനുള്ള അവസരവും എന്റെ കേരളം പ്രദർശന വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാളുകളിൽ നിന്ന് ലഭ്യമാണ്.