ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
മൃഗസംരക്ഷണ, ക്ഷീര മേഖലയിലെ കർഷകർക്ക് ആശ്വാസമായി കർഷകരുടെ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായാണ് ഇരിങ്ങാലക്കുട ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിന് തുടക്കം കുറിക്കുന്നത്. 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെൻ്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ സാധ്യമാക്കുന്നത്. വൈകീട്ട് ആറ് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്‌ചകളിൽ അവധിയായിരിക്കും. ഇരിങ്ങാലക്കുട ബ്ലോക്കിലുള്ള നാല് പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലും സേവനം ലഭ്യമാണ്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത് ബാബു പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പള്ളി, ടി.വി. ലത, ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുനിത മനോജ്, കാർത്തിക ജയൻ, പി.ടി. കിഷോർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമിത മനോജ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോ.പി.എം. മഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, സീനിയർ വെറ്ററിനറി സർജൻ ഡോ. എൻ.കെ. സന്തോഷ് എനിവർ പങ്കെടുത്തു.