വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ കോടതി റിമാന്റ് ചെയ്തു. വെറ്റിലപ്പാറ അരൂർമുഴി സ്വദേശികളായ തോട്ട്പുറം അനൂപ് (39), അഭിജിത്ത് (22) എന്നിവരെയാണ് ചാലക്കുടി കോടതി റിമാന്റ് ചെയ്തത്. ഇവരെ ഇരിങ്ങാലക്കുട സബ്ബ് ജയിലിലേക്കയച്ചു. കേസിൽ ഇവരുടെ കൂടെയുണ്ടായിരുന്ന ഒളിവിലായ പുത്തൻചിറ സ്വദേശികൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് പരിയാരം റേഞ്ച ഓഫീസർ വി.എസ്. അരുണും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും കത്തികളും തോക്കിലെ പെല്ലറ്റും മറ്റ് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പരിയാരം പ്രൊബേഷനറി റേഞ്ച ഓഫീസർ അനൂപ് സ്റ്റീഫൻ,കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകരായ എം.ആർ. രമേഷ്,ഒ. എം. അജീഷ്,എൻ.യു. പ്രഭാകരൻ, ശ്രീജിത്ത് ചന്ദ്രൻ,കെ. എസ്. ജിനേഷ് ബാബു,പി. എക്സ്. സന്തോഷ്,ബി. ശിവകുമാർ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മ്ലാവിനെ വെടിവച്ച് വേട്ടയാടിയ പ്രതികൾ റിമാന്റിൽ
