ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരത്തോട് ഷാപ്പിന് പുറകിൽ വെച്ച് 20-03-2025 തിയ്യതി വൈകീട്ട് 04.15 മണിക്ക് കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത്പറമ്പിൽ വീട്ടിൽ ജിനിൽ 36 വയസ് എന്നയാളെ കരിങ്കല്ലു കൊണ്ടും മരവടികൾ കൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കൊരുമ്പിശ്ശേരി സ്വദേശികളായ പുതുവീട്ടിൽ വിശാഖ് 25 വയസ്സ്, ഓടയിൽ വീട്ടിൽ ആബിത്ത് 21 വയസ്സ്, മഠത്തിൽ വീട്ടിൽ സജീഷ്ണു 22 വയസ്സ് എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
വിശാഖും, ആബിത്തും, സജിഷ്ണുവും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള വിവരം ജിനീഷ് മുമ്പ് പോലീസിൽ അറിയിച്ചതിനുള്ള വൈരാഗ്യത്താലാണ് ജിനീഷിനെയും കൂടെയുണ്ടായിരുന്ന വിഷ്ണുവിനെയും കൊരുമ്പിശ്ശേരി കാഞ്ഞിരത്തോട് ഷാപ്പിന് പുറകിൽ വച്ച് 20-03-2025 തിയ്യതി വൈകീട്ട് 04.15 മണിക്ക് ഇവർ 3 പേരും ചേർന്ന് തടഞ്ഞു നിർത്തുകയും വിശാഖ് ജിനീഷിനെ അവിടെ കിടന്നിരുന്ന കരിങ്കൽ കഷണം എടുത്ത് തലക്കടിക്കുകയും തല വെട്ടിച്ചതിൽ കരിങ്കൽകഷണം നെറ്റിയുടെ വലതു വശത്തു കൊണ്ട് ആഴത്തിൽ മുറിവു പറ്റുകയും, വീണ്ടും തലക്കടിച്ചത് കൈകൊണ്ട് തടഞ്ഞപ്പോൾ തള്ളി താഴെയിട്ട ശേഷം മരവടികൾകൊണ്ട് ജിനീഷിന്റെ പുറത്തു അടിച്ചും പരിക്കേൽപിക്കുകയും ഇത് തടയാൻ നോക്കിയ ജിനീഷിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണുവിനെ ആബിത്തും സജിഷ്ണുവും ചേർന്ന് കൂടി മരവടികൾ കൊണ്ട് തലക്കും കഴുത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ജിനിഷിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 21-03-2025 തിയ്യതി രാവിലെ 11.30 മണിക്ക് പരാതി നൽകിയത് പ്രകാരം FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ ഇരിഞ്ഞാലക്കുട ബസ് സ്റ്റാന്റിനടുത്ത് നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ആബിത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ 2022 ൽ ലഹരി ഉപയോഗിച്ചതിന് ഒരു കേസുണ്ട്. സജിഷ്ണുവിന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2022 ൽ ലഹരി ഉപയോഗിച്ചതിന് ഒരു കേസും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2023 ൽ പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയതിന് 4 കേസുകളും, 2024 ൽ ഒരു അടിപിടിക്കേസും, പുതുക്കാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസും അടക്കം 7 ക്രമിനൽ കേസുകളുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ആൽബി തോമസ് വർക്കി, ദിനേഷ്കുമാർ.പി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരുകദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.