ആളൂർ :പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തഞ്ചാം തിയ്യതി രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കൽ നിന്ന് ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പറവൂർ ചെറിയപ്പിള്ളി സ്വദേശികളായ മാലോത്ത് വീട്ടിൽ റൊണാൾഡ് (27 വയസ്സ്) റിച്ചാർഡ്(25 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
അനന്തുവും സുഹൃത്തുക്കളും ചേർന്ന് അമ്പത് ലക്ഷം രൂപ കവർച്ച ചെയ്തിരുന്നു. ഈ സംഭവത്തിൽ മരട് സ്റ്റേഷനിൽ കേസ്സുണ്ട്.
ഇവർ കവർന്ന പണം അപഹരിക്കുന്നതിനുവേണ്ടിയാണ് പത്തു പേരടങ്ങുന്ന സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.
ഈ കേസ്സിൽ മുക്താർ , മുഹമ്മദ് ഷമീം, ഖുറൈഷി, ഷാജി, നിഷാന ഫാരിസ് എന്നിവർ നേരത്തേ റിമാൻ്റിലായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇവർ പല സ്ഥലങ്ങളാലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ചെറിയപ്പിള്ളിയിലെ ഇവരുടെ വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ആലുവയ്ക്കടുത്തു നിന്നുമാണ് ഇരുവരേയും പിടികൂടിയത്. ആളൂർ എസ്.ഐ. എം.അഫ്സൽ, സി.എസ്.സുമേഷ്, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ് , ബിജുകുമാർ, യു.ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.