വേനൽ ചൂടിൽ കുളിർമയേകി കുടുംബശ്രീയുടെ പാചക മത്സരം. എന്റെ കേരളം മെഗാ പ്രദർശന, വിപണന മേളയുടെ മൂന്നാം ദിനം ജ്യൂസ് മത്സരമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ഇളനീരും ഉണ്ണിപ്പിണ്ടിയും ഒരുമിച്ചുള്ള മിക്സഡ് ജ്യൂസ്, ചീരയും റാഗിയും ചേർത്തുള്ള ജ്യൂസ് എന്നിവ കൗതുകമുണർത്തി. മാമ്പഴം, പച്ചമാങ്ങ, ബീറ്റ് റൂട്ട്, ബറാബ ഫ്രൂട്ട്, ചെമ്പരത്തി, പൊട്ടു വെള്ളരി തുടങ്ങി വൈവിധ്യമാർന്ന ജ്യൂസുകൾ പാചക മത്സരത്തിൽ ഇടം നേടി.
എന്റെ കേരളം മെഗാ പ്രദർശന, വിപണന മേളയുടെ പ്രചരണാർത്ഥം കുടുംബശ്രീ ബ്ലോക്ക്‌തലത്തിൽ പാചക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിലെ വിജയികളാണ് ഇന്ന് മത്സരത്തിൽ പങ്കെടുത്തത്. ആദ്യദിന മത്സരത്തിൽ ഒന്നാം സ്ഥാനം ചാലക്കുടി ബ്ലോക്കിലെ കൊരട്ടി സി.ഡി.എസിൽ നിന്നും പങ്കെടുത്ത വിൻസി വർഗീസും, രണ്ടാം സ്ഥാനം ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്ത സുജാത സുകുമാറും, മാള ബ്ലോക്കിലെ കുഴൂർ സി.ഡി.എസിൽ നിന്നും പങ്കെടുത്ത ലിസി സേവിയറും, മൂന്നാം സ്ഥാനം വെള്ളാങ്കല്ലൂർ ബ്ലോക്കിലെ വേളൂക്കര സി.ഡി.എസിൽ നിന്നും പങ്കെടുത്ത ഡെയ്സി ജോസും, ചൊവ്വന്നൂർ ബ്ലോക്കിൽ പോർക്കുളം സി.ഡി.എസിൽ നിന്നും പങ്കെടുത്ത ബിന്ദു സന്തോഷ് എന്നിവർ വിജയികളായി.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് മേധാവി ജി. അനീഷ് കുമാർ, ഐഫ്രം സി.ഇ.ഒ കെ.പി അജയകുമാർ, കെ.ടി.ഡി.സി ഷെഫ് ആദിത്യൻ എന്നിവരായിരുന്നു വിധികർത്താക്കൾ. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഡോ. യു. സലിൽ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ്റെ കേരളം മേളയിലെ ഫുഡ് കോർട്ടിൽ ഇന്ന് (മെയ് 21) രാവിലെ 10 ന് പായസ മത്സരം നടക്കും. വരും ദിവസങ്ങളിൽ പുട്ട്, കേക്ക്, നാടൻ വിഭവങ്ങൾ എന്നീ ഇനളിലായും മത്സരം നടക്കും.