ഫോട്ടോ മാളക്കുളത്തിനടുത്ത് പൊതുമരാമത്തു റോഡിലേക്ക് വളർന്നുനിൽക്കുന്ന കുറ്റിച്ചെടികള്‍.
മാളഃ റോഡരികിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കാഴ്ചമറക്കുന്നതുമൂലം യാത്ര അപകടകരമാകുന്നു. മാളക്കുളം ഭാഗത്തുനിന്ന് ടൗണിലേക്കു വരുന്നിടത്തെ വളവിലാണ് ഏറ്റവും കൂടുതൽ അപകടത്തിന് സാധ്യതയുള്ളത്. ഇരുദിശയിലൂടെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻപോലും കഴിയാത്ത അവസ്ഥയിലാണ് പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്നത്. ഇതു കാരണം ഇവിടെ അപകടങ്ങൾ പതിവായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്ത് അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. കുറ്റിക്കാടുകളും പുല്ലും നീക്കം ചെയ്യണമെന്ന ദീർഘ കാലമായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. മാള ടൗണിൽനിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോകണമെങ്കിൽ വ്യാപാരസ്ഥാപനങ്ങളുടെ വരാന്തയിൽക്കയറി നടക്കണം.
ഇടുങ്ങിയ റോഡിലൂടെ ഇരുദിശയിലേക്കും ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോകുമ്പോൾ ഗതാഗതക്കുരുക്ക് മാത്രമല്ല, നടന്നുപോകുന്നവരുടെ ജീവനും ഭീഷണിയാണ്. പോസ്റ്റ് ഓഫീസ് റോഡ് വീതികൂട്ടി നവീകരിക്കുമെന്ന വാഗ്ദാനം വന്നിട്ട് വർഷങ്ങളേറെയായി. മാളയിൽ വൺവേ സംവിധാനം നിലവിലില്ലാത്തതിനാൽ ഏത് വാഹനത്തിനും എല്ലാ വഴികളിലൂടെയും പോകാവുന്ന അവസ്ഥയാണ്. ഇതു മൂലം കാൽനടയാണ് ബുദ്ധിമുട്ടേറിയത്. കാല്‍നടയാത്രക്കാർക്ക് റോഡരികിലൂടെ നടക്കാൻ വഴിയില്ലാത്തതും അപകടസാധ്യത കൂട്ടുന്നു. ഗതാഗതനിയന്ത്രണത്തിന് സുരക്ഷാ മുന്നറിയിപ്പോ പോലീസ് സംവിധാനമോ മാളയിലില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കാര്യത്തിലും നിയന്ത്രണങ്ങളൊ ന്നുമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നോ ഏതു വഴി പോകരുതെന്നോ തുടങ്ങിയ ഒരു ഗതാഗതനിയന്ത്രണവും എവിടെയും ഇല്ലാത്ത സ്ഥിതിയാണ്.