Channel 17

live

channel17 live

ലഹരിക്കെതിരെ വിദ്യാർഥിസമൂഹം അണിനിരക്കണം: ശ്രീകണ്ഠൻ നായർ

ഇരിങ്ങാലക്കുട:യുവസമൂഹം ലഹരിയുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന കാലയളവിൽ ഈ സാമൂഹ്യ വിപത്തിനെതിരെ വിദ്യാർത്ഥിസമൂഹം അണിനിരക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ചരിത്ര സ്മരണിക ‘സാങ്കോഫാ’ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർഗ്ഗവാസനകൾ ഉണരണമെങ്കിലും അഭിനയം അതിന്റെ പൂർണതയിലെത്തണമെങ്കിലും സർഗ്ഗ സൃഷ്ടികൾ ജന്മമെടുക്കണമെങ്കിലും കഞ്ചാവ്, എം ഡി എം എ പോലുള്ള ഉഗ്ര ലഹരികൾ അനിവാര്യമാണെന്നൊരു മിഥ്യാധാരണ നമ്മുടെ യുവ സമൂഹത്തിൽ അടുത്തകാലത്തായി പടർന്നു കഴിഞ്ഞു. ഇതിനെതിരെ സന്ധിയില്ലാ സമരം നടത്താൻ അരയും തലയും മുറുക്കി പൗരബോധമുള്ള സമൂഹം മുന്നിട്ടിറങ്ങണം. വിദ്യാർത്ഥികൾ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന്‌പ്രതിജ്ഞ എടുക്കുകയും വേണം എസ്. കെ. എൻ. കൂട്ടിച്ചേർത്തു.

ഡോൺ ബോസ്കോ റെക്ടറും മാനേജരുമായ ഫാദർ ഇമ്മാനുവേൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്മരണിക കമ്മറ്റി ചെയർമാൻ ഡോണി ജോർജ് അക്കരക്കാരൻ പുസ്തകം ഏറ്റു വാങ്ങി. സ്മരണിക എക്സിക്യൂട്ടീവ് എഡിറ്റർ സെബി മാളിയേക്കൽ പുസ്തകത്തെ പരിചയപ്പെടുത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ജെയിംസ് ആശംസകൾ അർപ്പിച്ചു. ചീഫ് എഡിറ്ററും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളുമായ ഫാദർ സന്തോഷ് മണിക്കൊമ്പേൽ സ്വാഗതവും സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഫാദർ ജോയ്‌സൺ മുളവരിക്കൽ, ഫാദർ വർഗീസ് ജോൺ, സിസ്റ്റർ വി.പി. ഓമന, അഡ്വ. ഹോബി ജോളി, സിബി പോൾ, ടെൽസൺ കോട്ടോളി, ശിവപ്രസാദ് ശ്രീധരൻ, എം. സംഗീത സാഗർ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!