അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും, ആര്.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ‘സിരകളില്‍ ഒഴുകേണ്ടത് ലഹരിയല്ല അറിവാണ്’ എന്ന സന്ദേശവുമായി ‘ഉണര്‍വ്’ ലഹരിവിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു. എ.ഡി.എം ടി. മുരളി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജു സെബാസ്റ്റ്യന്‍ ലഹരി വിരുദ്ധ ബാഡ്ജ് നല്കി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജു സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ പ്ലകാര്‍ഡുകള്‍ കയ്യിലേന്തിയ മസ്ക്കോട്ട് കളക്ട്രേറ്റിലെ വിവിധ ഓഫീസുകളിലെത്തി ലഹരി വിരുദ്ധ ബാഡ്ജുകള്‍ വിതരണം ചെയ്തു. കളക്ട്രേറ്റിലെ തൂണില്‍ പേപ്പറില്‍ തയ്യാറാക്കിയ മനുഷ്യരൂപത്തില്‍ ലഹരിവിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന മുദ്രകള്‍ പതിപ്പിക്കുന്ന ‘മേക്ക് എ മാര്‍ക്ക്’ പരിപാടിയില്‍ ധാരാളം പേര് ലഹരി വിരുദ്ധ ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിനായി സെല്‍ഫി ബൂത്തും ഒരുക്കിയിരുന്നു.
സിവില്‍സ്റ്റേഷനില്‍ നടത്തിയ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദിഖ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.ടി പ്രദീപ്, ആര്.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജര്‍ ശ്രുതി ശിവന്, ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാര്‍, ജീവനക്കാര്‍, വിവിധ ബ്ലോക്കുകളിലെ ആര്.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.