ലോക എയിഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 2025ഓടെ കേരളത്തില്‍ എച്ച്ഐവി അണുബാധിതരായ ആരും ഉണ്ടാവരുത് എന്ന ലക്ഷ്യത്തിനായ് ഒന്നായ് പൂജ്യത്തിലേക്ക്- എന്ന പേരിലുള്ള ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അണുബാധിതരായവര്‍ ഒരിക്കലും ഒറ്റപ്പെടേണ്ടവരല്ല. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
‘2030-ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുവാന്‍ ലോക രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണ് എല്ലാ രാജ്യങ്ങളും എയ്ഡ്സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. കേരളം 2025ഓടെ ഈ ലക്ഷ്യത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തീവ്രയജ്ഞത്തിലാണ്. ഒന്നായ് പൂജ്യത്തിലേക്ക്- എന്ന പേരിലുള്ള ക്യാമ്പയിനാണ് ഇതിനാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി മുന്നോട്ട് വച്ചിട്ടുള്ള ട്രിപ്പിള്‍ 95 എന്ന ആശയം ശ്രദ്ധേയമാണ്. അതില്‍ ആദ്യത്തെ 95 എന്നത്, എച്ച്ഐവി ബാധിതരായ ആളുകളില്‍ 95 ശതമാനവും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയണം എന്നതാണ്. അണുബാധിതരായിട്ടും തിരിച്ചറിയാതെ ജീവിക്കുന്ന ആളുകള്‍ ഏറെ ഉണ്ട് എന്നതിനാലാണ് ഇങ്ങനെയൊരു ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. രണ്ടാമത്തെ 95 എന്നത്, അണുബാധ സ്ഥിരീകരിച്ച ആളുകളിലെ 95 ശതമാനവും എആര്‍ടി ചികിത്സയ്ക്ക് വിധേയരാവുക എന്നതാണ്. മൂന്നാമത്തേത്, ഇവരില്‍ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്ന പ്രവര്‍ത്തനമാണ്,’ റവന്യു മന്ത്രി കുട്ടിച്ചേര്‍ത്തു.
എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. രാജ്യത്താകെ 0.22 ആണ് അണുബാധാ സാന്ദ്രതയെങ്കില്‍ കേരളത്തിന്റേത് 0.06 ആണ്. നിര്‍ണയത്തിന്റെ കാര്യത്തിലായാലും ചികിത്സയുടെ കാര്യത്തിലായാലും കേരളം ഏറെ മുന്നിലാണ്. സൗജന്യ പരിശോധനയും കൗണ്‍സിലിങ്ങും നടത്തുന്ന 793 ജ്യോതിസ് കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. പരിശോധനയ്ക്ക് ശേഷം ചികിത്സ ആവശ്യം വന്നാല്‍ അക്കാര്യത്തിനും തുടര്‍ സേവനങ്ങള്‍ക്കുമായി എല്ലാ മെഡിക്കല്‍ കോളജുകളിലും ഉഷസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ, കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങളും ലൈംഗിക-ജന്യ രോഗങ്ങള്‍ക്കുള്ള പുലരി കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുസമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സ് അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം അരങ്ങേറി. വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് പരിപാടിക്ക് മാറ്റുകൂട്ടി. രാവിലെ 8ന് ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി തൃശൂര്‍ മേഖലാ ഡി.ഐ.ജി. തോംസണ്‍ ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളും എന്‍എസ്എസ് വളണ്ടിയർമാരും റാലിയില്‍ പങ്കുചേര്‍ന്നു. അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ എന്ന് സന്ദേശത്തോടെ ആഘോഷിച്ച എയ്ഡ്‌സ് ദിന പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങളെയും ആശുപത്രികളെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
സമ്മേളനത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി മുഖ്യാതിഥിയായി. കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. ആര്‍ ശ്രീലത വിഷയാവതരണം നടത്തി. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി. പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ് കുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് ഓഫീസര്‍ ഡോ. ആര്‍. എന്‍. അന്‍സീര്‍, കൗൺസിൽ ഓഫ് പീപ്പിൾ ലിവിങ്ങ് വിത്ത് എയ്ഡ്സ് കേരള പ്രസിഡണ്ട് ജോസഫ് മാത്യു, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. അജയ് രാജന്‍, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ( ജി.ഐ.പി. എ) അസിസ്റ്റന്റ് ഡയറക്ടര്‍ ജി അഞ്ജന എന്നിവര്‍ സംസാരിച്ചു.