Channel 17

live

channel17 live

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കും: മന്ത്രി കെ രാജന്‍

വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വടക്കാഞ്ചേരി എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. സംസ്ഥാന റവന്യൂ, വനം വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെയും ഇടപെടലിന്റെയും ഭാഗമായി വനഭൂമി പട്ടയങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സാഹചര്യമൊരുങ്ങി. നിരവധി വനഭൂമി പട്ടയങ്ങളുള്ള പ്രദേശമാണ് വടക്കാഞ്ചേരി. എല്ലാവര്‍ക്കും ഭൂമിയും എല്ലാ ഭൂമിക്ക് രേഖകളും ഉറപ്പാക്കുകയാണ് ഈ സര്‍ക്കാര്‍. രണ്ടര വര്‍ഷം കൊണ്ട് അഞ്ചാമത് പട്ടയമേളയാണ് സംഘടിപ്പിക്കുന്നത്. ഇക്കാലയളവില്‍ ഒന്നരലക്ഷം പട്ടയമാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. വില്ലേജ് ഓഫീസുകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കിയും കൂടുതല്‍ ജനകീയമായാണ് മുന്‍പോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

തലപ്പള്ളി താലൂക്കിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും തെക്കുംകര ഗ്രാമപഞ്ചായത്തിന്റയും വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ്. 2021- 22ലെ പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിച്ചത്. ഓഫീസ് അനുബന്ധ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, ഇലക്ട്രിഫിക്കേഷന്‍, ലാന്‍ കേബിളിംഗ് പ്രവര്‍ത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സേവ്യര്‍ ചിറ്റിലപിള്ളി എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്വാഗതം പറഞ്ഞു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം തൃശൂര്‍ റീജിയണല്‍ എന്‍ജിനീയര്‍ എം എ സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍കുമാര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി സുനില്‍കുമാര്‍, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗം പി എം ഐശ്വര്യ, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നാഥ്, തലപ്പിള്ളി തഹസില്‍ദാര്‍ എം സി അനുപമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!