ട്വന്റി20 പാർട്ടിയുടെ കോർണർ മീറ്റിംഗുകൾ അതിരപ്പിള്ളിയിൽ ആരംഭിച്ചു; വന്യജീവി ആക്രമണത്തിനെതിരെ 3,000 കോടി രൂപയുടെ പദ്ധതി
അതിരപ്പിള്ളി, ജൂൺ 9: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ട്വന്റി20 പാർട്ടി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ കോർണർ മീറ്റിംഗുകൾ ആരംഭിച്ചു. ചിക്ലായി ജംഗ്ഷൻ, അരൂർമുഴി ജംഗ്ഷൻ, കണ്ണൻകുഴി ജംഗ്ഷൻ, മാളിയക്കൽ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പഞ്ചായത്ത് ഭരണത്തിന്റെ നിഷ്ക്രിയതയെയും വന്യജീവി ശല്യത്തിനെതിരെയുള്ള നടപടികളുടെ അഭാവത്തെയും കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നു.
വന്യജീവി ആക്രമണത്തിനെതിരെ ശാശ്വത പരിഹാരം വെട്ടിക്കുഴി ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് പറഞ്ഞു, “9 വർഷമായി അധികാരത്തിലിരിക്കുന്ന സർക്കാർ വന്യജീവി ആക്രമണത്തിനെതിരെ ഒരു ചെറുവിരലും അനക്കിയിട്ടില്ല. അതിരപ്പിള്ളിയിൽ ശാശ്വത പരിഹാരം ആവശ്യമാണ്. ട്വന്റി20 3,000 കോടി രൂപയുടെ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്.”
അദ്ദേഹം കൂടുതൽ പറഞ്ഞു, “അതിരപ്പിള്ളി പഞ്ചായത്ത് ഭരണം നിഷ്ക്രിയമാണ്. കാർഷിക മേഖലയും ഷീരകർഷകരും കടക്കണിയിലാണ്.”
ചാലക്കുടി നിയോജകമണ്ഡല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആൻറണി പുളിക്കൻ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പി.ഡി. വർഗീസ്, ബോണി വെളിയത്ത്, പോൾ മുണ്ടാടാൻ, അർജുനൻ എം.വി., സ്റ്റീഫൻ എ.കെ., ജിഷോർ എസ്.വി., ഡോൺബോസ്കോ, ജോർജ് മാർട്ടിൻ, ദേവസി, മാത്യൂസ് പാപ്പി, ജിത്തു മാധവ്, ലീല സേവിയർ, ഷീജ ജോയ് എന്നിവർ പ്രസംഗിച്ചു.
ട്വന്റി20 നേതാക്കളായ ആൻറണി പുളിക്കൻ,സ്റ്റീഫൻ എ.കെ , അർജുനൻ എം.വി. യെ ചാലക്കുടി നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് പൊന്നാട അണിയിച്ച് ആദരിച്ചു. ഈ സന്ദർഭത്തിൽ സണ്ണി ഡേവിസ് പറഞ്ഞു, “അതിരപ്പിള്ളിയിൽ ട്വന്റി20യുടെ വളർച്ചയ്ക്ക് വേണ്ടി ആൻറണി പുളിക്കൻ, അർജുനൻ എം.വി. എന്നിവർ നൽകിയ സംഭാവന അമൂല്യമാണ്.”
ട്വന്റി20 പാർട്ടി ഇതിനകം ചാലക്കുടി, കോടശ്ശേരി, മേലൂർ, പരിയാരം, കൊടകര, കൊരട്ടി പഞ്ചായത്തുകളിൽ 100-ലധികം കോർണർ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സജീവ പ്രചാരണം നടത്തുകയും എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്യുമെന്ന് പാർട്ടി പ്രതനിധികൾ പ്രഖ്യാപിച്ചു.