പുത്തൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തദ്ദേശീയ വൃക്ഷത്തൈകൾ വനത്തിൽ വച്ച് പിടിപ്പിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വന്യജീവി ആക്രമണം ലഘൂകരികുന്നതിനായി വന്യജീവി ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ, ടാർപ്പായ, ബൂട്ട്സ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. വന പ്രദേശത്തിനടുത്ത് താമസിക്കുന്ന 20 തൊഴിലുറപ്പ് പ്രവർത്തകരാണ് വനത്തിനുള്ളിൽ ചെടികൾ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. പദ്ധതി നടപ്പാകുന്നതിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പദ്ധതി ആരംഭിച്ചത്.
കോശിമുക്ക് വനാതിർത്തിയിൽ നടന്ന ചടങ്ങിൽ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ സി പ്രജി അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ലത, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സജിത്ത്, ഗ്രാമപഞ്ചായത്തംഗം ടി എ ആരോഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ. എം പോൾ, തൊഴിലുറപ്പ് വിഭാഗം എഞ്ചിനിയർ ജാക്സൺ, ഓവർസീയർമാരായ രേഷ്മ , ദീപ്തി, വനം വകുപ്പ് , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.